ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യഘട്ട ആദ്യ അലോട്ട്‌മെൻറും സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റും 2022 ഓഗസ്റ്റ് 5 ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ഓഗസ്റ്റ് 5 ന് ആരംഭിച്ച് ഓഗസ്റ്റ് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച് ഓഗസ്റ്റ് 16, 17 തീയതികളിൽ പ്രവേശനം നടത്തും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഓഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കും. പ്രവേശനം ഓഗസ്റ്റ് 24 ന് പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ ഓഗസ്റ്റ് 25 ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മികവിനായുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഖാദർ കമ്മിറ്റി ശുപാർശകൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ (ഡി.ജി.ഇ) സൃഷ്ടിച്ചു. നിലവിൽ മൂന്നു ഡയറക്ടറേറ്റുകളും ഡി.ജി.ഇ യുടെ നിയന്ത്രണ പരിധിയിലാണ്. 12-ാം ക്ലാസ് വരെയുള്ള സ്‌കൂളുകളുടെ സ്ഥാപന മേധാവിയായി ഹയർസെക്കൻഡറി പ്രിൻസിപ്പലിനെയും ഈ സ്‌കൂളിലെ ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലായും നിയമിക്കും. ഇതനുസരിച്ച് കെ.ഇ.ആർ -ൽ നിയമ/ചട്ട ഭേദഗതിയും വരുത്തിയിട്ടുണ്ട്.
ഏകോപിത സെക്കൻഡറി സ്‌കൂളിലെ സ്ഥാപനമേധാവിയായി മാറിയ ഹയർ സെക്കൻഡറി പ്രിൻസിപ്പലിന്റെ തൊഴിൽഭാരം ലഘൂകരിക്കുന്നതിനായി അധ്യയനം 8 പിരീഡ് ആയി നിജപ്പെടുത്തിയിട്ടുണ്ട്. അധികം പിരീഡുകൾ കൈകാര്യം ചെയ്യുന്നതിന് ദിവസ വേതനത്തിൽ അധ്യാപകരെ നിയോഗിക്കുന്നതിന് ഭരണാനുമതി നൽകുകയും ചെയ്തു. ഏകോപനം പൂർണ്ണതയിൽ എത്തിക്കുന്നതിനുള്ള സ്‌പെഷ്യൽ റൂൾ അടക്കം വികസിപ്പിക്കുന്നതിന് നിർദേശം സമർപ്പിക്കാൻ ഏകീകരണത്തിനായി ഒരു കോർ കമ്മിറ്റിയെ സി-മാറ്റ് കേരളയുമായി ബന്ധപ്പെടുത്തി രൂപീകരിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ രണ്ടാം ഭാഗം സമർപ്പിക്കപ്പെട്ടാൽ ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.