തൃശൂർ വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ മൂന്നു ഗർഭിണികളെ കാട്ടിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ആരോഗ്യ പ്രവർത്തകർക്കും ഇവരെ സഹായിച്ച പോലീസിനും വനം വകുപ്പിനും മന്ത്രി അഭിനന്ദനങ്ങൾ നേർന്നു.
കനത്ത മഴയ്ക്കിടെ വനമധ്യത്തിൽ ഒറ്റപ്പെട്ടുപോയ ഇവരെ വനംവകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ സുരക്ഷിതമായി കോളനിയിലേക്ക് മാറ്റി. ഒരു സ്ത്രീ പെൺകുഞ്ഞിനെ കാട്ടിൽ വച്ച് പ്രസവിച്ചു. ശക്തമായ മഴയിൽ പെരിങ്ങൽക്കുത്ത് റിസർവോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നൽകിയത്. അമ്മയ്ക്ക് ഉയർന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ അവർ തയ്യാറായില്ല. ഡിഎംഒയും ഡിഎസ്ഒയും സംഘവും കോളനിയിൽ നേരിട്ട് ചെന്ന് അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി സുരക്ഷിതമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 5 മാസവും 6 മാസവുമായ രണ്ട് ഗർഭിണികളുടെ സുരക്ഷിതത്വം കോളനിയിൽ തന്നെ ഉറപ്പാക്കി.