ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച ലക്ഷ്യ പദ്ധതി സംസ്ഥാനത്തിനാകെ മാതൃകയെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.പദ്ധതിയുടെ ഉദ്ഘാടനം നന്മണ്ട സാക്ഷരതാ ഭവനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശാസ്ത്ര പരിപോഷണ മേഖലയിലെ ജനകീയ ഇടപെടല്‍ സാധ്യമാവുമെന്നതിന്റെ തെളിവാണ് പദ്ധതി. ഇതുപോലുള്ള നൂതന ആശയങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിച്ചാല്‍ ശാസ്ത്ര ആഭിമുഖ്യമുള്ളവരായി പുതുതലമുറയെ മാറ്റാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങളുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും നൂതനാശയങ്ങളും നിര്‍മ്മിതികളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിയാണ് ‘ലക്ഷ്യ’. സംസ്ഥാനത്ത് തന്നെ ഒരു തദ്ദേശ സ്വയംഭരണ കേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന ആദ്യ ജനകീയ ശാസ്ത്ര പരിപോഷണ കേന്ദ്രമാണ് നന്മണ്ട സാക്ഷരത ഭവനില്‍ ആരംഭിച്ചത്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് കേന്ദ്രം യഥാര്‍ത്ഥ്യമാക്കിയത്.
വിവിധ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ഡോ. എം.കെ രവിവര്‍മ്മ, ഡോ. അബ്ദുള്‍ നാസര്‍ യു.കെ, ഷജിന്‍ യു കെ എന്നിവരെ മന്ത്രി ആദരിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ലക്ഷ്യ ബ്രോഷര്‍ പ്രകാശനം നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് നിര്‍വഹിച്ചു. ഐ.എസ്.ആര്‍.ഒ മുന്‍ ഡയറക്ടര്‍ ഇ.കെ കുട്ടി മുഖ്യപ്രഭാഷണം നടത്തി.
വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി നൗഷീര്‍, കെ.ടി പ്രമീള, ഷീബ കെ.പി, സി.എം ഷാജി, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സര്‍ജാസ് കുനിയില്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ എ.ടി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.