ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിനു ജില്ലയില്‍ തുടക്കമായി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഏകീകൃത നിരീക്ഷണത്തിനും മേല്‍നോട്ടത്തിനുമായി കെല്‍ട്രോണിന്റെ സഹായത്തോടെ തയ്യാറാക്കിയതാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം.

ഹരിത മിത്രത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ക്യു ആര്‍ കോഡ് പതിപ്പിച്ച് ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍, ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജസീര്‍ പി. എ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ഹരിതകേരളം പ്രതിനിധി, കുടുംബശ്രീ, കെല്‍ട്രോണ്‍ പ്രതിനിധികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, രാഷ്രീയ സാമുദായിക സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍, ഉദ്യോഗസഥര്‍ മുതലായവര്‍ പങ്കെടുത്തു. ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതോടൊപ്പം പൊതുജങ്ങള്‍ക്ക് ശുചിത്വ മാലിന്യ സംസ്‌കരണ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടമുറപ്പാക്കുന്നതിനും പ്രവര്‍ത്തങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഹരിത മിത്രം സഹായകമാവും.

ശുചിത്വ മാലിന്യ ശേഖരണ സംസ്‌കരണവുമായി ബന്ധപ്പെട്ട് യൂസര്‍ ഫീ യുടെ വിശദാംശങ്ങള്‍, ശേഖരിക്കുന്ന മാലിന്യത്തിന്റെ വിശദാംശങ്ങള്‍ മുതലായവയെല്ലാം വിരല്‍ തുമ്പില്‍ അറിയാനും സംസ്ഥാനതലം മുതല്‍ തദ്ദേശ സ്ഥാപന വാര്‍ഡ്തലം വരെ മേല്‍നോട്ടവും നിരീക്ഷണവും സുഗമമാക്കുന്നതിനും ഹരിത മിത്രത്തിലൂടെ സാധിക്കും. കൂടാതെ പൊതുജനങ്ങള്‍ക്ക് വാതില്‍പ്പടി സേവനം സംബന്ധിച്ച പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിനും അശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഹരിത മിത്രത്തിലൂടെ സാധ്യമാണ്.
ജില്ലയില്‍ പദ്ധതി നടത്തിപ്പിനായി ആദ്യ ഘട്ടത്തില്‍ 27 തദ്ദേശ സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 26 ഗ്രാമ പഞ്ചായത്തുകളും തൊടുപുഴ നഗരസഭയുമാണുള്ളത്. തദ്ദേശ സ്ഥപനങ്ങളില്‍ പദ്ധതി നടത്തിപ്പിന് മുന്നോടിയായി ജന പ്രതിനിധികള്‍ക്കും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുമുള്ള പരിശീലനങ്ങള്‍ പുരോഗമിച്ചു വരികയാണ്.