അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായി പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് സഹായം പ്രവഹിക്കുന്നു. ജില്ലാ കളക്ടറേറ്റ്, ആറ് താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കാണ് ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തുന്നത്. ഇവ അപ്പപ്പോള്‍ തന്നെ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസര്‍മാരുടെ ചുമതലയിലാണ് സാധനങ്ങള്‍ ക്യാമ്പുകളില്‍ എത്തിക്കുന്നത്.
തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചുമതലയില്‍ അഞ്ച് ട്രക്കുകളിലായി ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിച്ചു. തിരുവനന്തപുരം മേയര്‍ മൂന്ന് ട്രക്ക് സാധനങ്ങളും ഒരു ട്രക്കില്‍ കുടിവെള്ളവും എത്തിച്ചു. ബിഎസ്എഫ് ഒരു ട്രക്കും എംജി രാജമാണിക്യം ഐഎഎസും നിശാന്തിനി ഐപിഎസും ഓരോ ട്രക്ക് വീതവും സാധനങ്ങള്‍ എത്തിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 7500 ഭക്ഷണ പൊതികള്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ യുഎസ്ടി ഗ്ലോബല്‍ സോഫ്ട്‌വെയറിലെ ജീവനക്കാര്‍ സമാഹരിച്ച ഭക്ഷണസാധനങ്ങള്‍, മരുന്നുകള്‍, തുണി, കുട്ടികള്‍ക്കുള്ള ഡയപ്പറുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ നിറച്ച ട്രക്ക് ഇന്നലെ രാത്രി 12 മണിയോടെ കളക്ടറേറ്റില്‍ എത്തി. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് യുഎസ്ടി ഗ്ലോബല്‍ ജീവനക്കാരില്‍ നിന്നും ഇത് ഏറ്റുവാങ്ങി. ജില്ലയില്‍ നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്കു മടങ്ങുന്നതിന് കൂടുതല്‍ ദിവസം വേണ്ടിവരും. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൂടുതല്‍ സാധനങ്ങള്‍ ആവശ്യമായി വരും. പൊതുജനങ്ങളും സന്നദ്ധ സംഘടനകളും അവശ്യസാധനങ്ങള്‍ വരും ദിവസങ്ങളിലും എത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചു.
