ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടത്തുന്ന മത്സ്യോത്സവം തുടങ്ങി. കല്‍പ്പറ്റ എന്‍.എം.ഡി.സി ഹാളില്‍ നടക്കുന്ന മത്സ്യോത്സവത്തിന്റെ ഉദ്ഘാടനം ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അധ്യക്ഷത വഹിച്ചു.
നാഷണല്‍ ഫിഷറീസ് ഡവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ ധനസഹായത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ പ്രചരണാര്‍ത്ഥമാണ് ഫിഷറീസ് വകുപ്പ് മത്സ്യോത്സവം സംഘടിപ്പിക്കുന്നത്. യുവാക്കളിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും മാംസ്യാഹാരത്തിന്റെ ലഭ്യത ഉറപ്പാക്കാനും സഹായിക്കുന്ന പി.എം.എം.എസ്.വൈ പദ്ധതിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മത്സ്യോത്സവത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ തീര മൈത്രി സംഘങ്ങളുടെ നേതൃത്വത്തിലുള്ള വിഭിന്നങ്ങളായ മത്സ്യ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും അലങ്കാര മത്സ്യങ്ങളുടെയും തദ്ദേശീയ മത്സ്യങ്ങളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
മത്സ്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ ‘അലങ്കാര മത്സ്യകൃഷിയിലെ നൂതന രീതികളും വിപണന സാധ്യതകളും’ എന്ന വിഷയത്തില്‍ അസി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജൂഡിന്‍ ജോണ്‍ ചാക്കോ ക്ലാസെടുത്തു. ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സി. ആഷിക് ബാബു, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്. സരിത, മത്സ്യ കര്‍ഷകന്‍ ശശിധരന്‍ തെക്കും തറ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സ്യോത്സവം നാളെ (ഞായര്‍) സമാപിക്കും
