മത്സ്യോത്സവത്തിന്റെ ഭാഗമായി കല്‍പ്പറ്റ എന്‍.എം.ഡി സി ഹാളില്‍ ഒരുക്കിയ പ്രദര്‍ശന സ്റ്റാളുകള്‍ വൈവിധ്യങ്ങളായ അലങ്കാരമത്സ്യങ്ങളെകൊണ്ടും രുചിയേറിയ മത്സ്യവിഭവങ്ങളാലും സമ്പന്നമാണ്. വളര്‍ത്തുമത്സ്യങ്ങളുടെയും മത്സ്യ കൃഷിരീതികളുടെയും മത്സ്യ വിഭവങ്ങളുടെയും പ്രദര്‍ശനമാണ് ശനി, ഞായര്‍ ദിവസങ്ങളിലായി കല്‍പ്പറ്റയില്‍ നടക്കുന്നത്.
വൈവിധ്യമാര്‍ന്ന മത്സ്യവിഭവങ്ങളാണ് തീര മൈത്രിയുടെ ഫുഡ് കോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളത്. ഫിഷ് കട്‌ലറ്റ്, ഫിഷ് ബോണ്ട, ചെമ്മീന്‍, കൂന്തള്‍, ഫിഷ് ബിരിയാണികള്‍, കപ്പയും മീന്‍ക്കറിയും തുടങ്ങിയ കടല്‍ കായല്‍ മത്സ്യങ്ങളുടെ രുചിയേറിയ വിഭവങ്ങള്‍ ഫുഡ് കോര്‍ട്ടിലുണ്ട്. ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ഓഫ് ഫിഷര്‍ വുമണ്‍ (സാഫ്) നാണ് ഫുഡ് കോര്‍ട്ടിന്റെ ചുമതല.
സുഭിക്ഷ കേരളം പദ്ധതിയുടെ തദ്ദേശീയ മത്സ്യങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളും മത്സ്യോത്സവത്തിന്റെ ഭാഗമായുണ്ട്. കാരി, കട്‌ല, വരാല്‍, നാടന്‍ മുഷി, ചെമ്മീന്‍, റോഹു, വനാമി, ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങളെയാണ് സ്റ്റാളിലൂടെ പരിചയപെടുത്തുന്നത്. അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശനമാണ് മറ്റൊരാകര്‍ഷണം. പച്ചിലവെട്ടി, പാല്‍ കടന്ന, മഹസീര്‍, കൈകോര, കോയി കാര്‍പ്പ്, ഹൈബ്രിഡ് ഗപ്പി, സൈപ്രിനസ് തുടങ്ങിയ മത്സ്യങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ആധുനിക മത്സ്യ കൃഷിരീതികളെയും പ്രദര്‍ശനത്തില്‍ പരിചയപെടാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ആധുനിക മത്സ്യ കൃഷിരീതിയായ ബയോ ഫ്‌ലോക്കിന്റെയും മത്സ്യവും പച്ചക്കറിയും സമ്മിശ്രമായി കൃഷി ചെയ്യുന്ന പുന:ചംക്രമണ കൃഷി രീതിയുടെയും പ്രദര്‍ശനവും സ്റ്റാളിലുണ്ട്. പുല്‍പ്പള്ളി സ്വദേശിയുടെ എഡിസണ്‍ ഫിഷ് ഫാമിന്റെ സ്റ്റാളും മത്സ്യോത്സവത്തിലുണ്ട്. അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് ഈ സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്.