സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ അമൃത മഹോത്സവ ഗീതികയുമായി വയനാട് ജില്ലാ ഭരണകൂടം. ഹർ ഘർ തിരംഗ കാമ്പയിന്റെ ഭാഗമായി “സ്വാതന്ത്ര്യം അരികിൽ വന്നു വിളിക്കുമ്പോൾ…… ഒരേ മനസ്സായ് ഒരൊറ്റ ജനമായ് നമ്മുക്കുയർത്താം പതാകകൾ” എന്ന ദൃശ്യകാവ്യമാണ് എസ്.കെ.എം.ജെ വിദ്യാർത്ഥികളുടെ ആലാപനത്തോടെ പുറത്തിറക്കിയത്.
ഹർ ഘർ തിരംഗയുടെ ഭാഗമായി ആദ്യമായി നാടൊട്ടുക്കും വീടുകളിൽ പതാക ഉയർത്തുന്ന വേളയിൽ ഈ ദേശഭക്തിഗാനവും നാടിന് സമർപ്പിക്കുകയാണ്.

എല്ലായിടത്തും എല്ലാവർക്കും എപ്പോഴും സ്വാതന്ത്ര്യമെന്ന സമഭാവനയാണ് ഗീതം പങ്ക് വെക്കുന്നത്. എസ്. കെ. എം. ജെ സ്കൂളിലെ മലയാളം അധ്യാപകനായ ഷാജി മട്ടന്നൂർ രചിച്ച ഗാനം ജില്ലാ ഭരണ കൂടം ഇന്ന് (ശനി ) ഔദ്യോഗികമായി റിലീസ് ചെയ്യും. വാക്കുകൾക്ക് അതീതമായി സ്വതന്ത്ര ഭാരതത്തിൻ്റെ നൈർമല്യങ്ങളെ പുതിയ തലമുറകളിലേക്ക് ഈ സ്വാതന്ത്ര്യ ഗീതിക ഊട്ടിയുറപ്പിക്കുന്നു.

ഗാനത്തിന് സംഗീതം നൽകിയത് സ്കൂളിലെ സംഗീത അധ്യാപികയായ പി. എൻ ധന്യയാണ്. 4 മിനിറ്റ് ദൈർഘ്യമുള്ള ഗാനം ആലപിച്ചത് പ്ലസ്ടു വിദ്യാർത്ഥികളായ കെ.ജെ സംപൂജ്യ, അഭിരാമി വി കൃഷ്ണൻ, നസീഹ നസ്‌റിൻ, അന്ന ഐശ്വര്യ, എസ്. ശ്രീലക്ഷ്മി, എം.കെ അരുണിമ, അലൈന കുരുണിയൻ എന്നിവരാണ്. ഗാനം ജില്ലാ കളക്ടർ എ.ഗീതയ്ക്ക് മുന്നിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. എ ഡി എം എൻ.ഐ ഷാജു, ഡെപ്യൂട്ടി കളക്ടർ കെ.അജീഷ്, അധ്യാപകരായ ഷാജി മട്ടന്നൂർ, പി. എൻ ധന്യ തുടങ്ങിയവർ പങ്കെടുത്തു.