കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രൻ വൈദ്യരെ സംസ്ഥാന സർക്കാർ ആദരിച്ചു. മങ്കുഴിയിലെ വീട്ടിലെത്തി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസാണ് ആദരിച്ചത്.
ഇരുപത്തി രണ്ടാമത്തെ വയസിൽ സ്വാതന്ത്ര്യ സമരരംഗത്ത് എത്തിയ എം.കെ. രവീന്ദ്രൻ സമരത്തിന്റെ ഭാഗമായി നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. 2003 ൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം ഡൽഹിയിൽ ആദരിച്ചിരുന്നു. തൊണ്ണൂറ്റിയാറുകാരനായ എം.കെ. രവീന്ദ്രൻ മകൻ എം.ആർ. ഷാജിക്കൊപ്പമാണ് താമസം. ക്വിറ്റ് ഇന്ത്യാ സമര വാർഷികത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അദ്ദേഹത്തെ വീട്ടിലെത്തി ആദരിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എയും ജനപ്രതിനിധികളും ചേർന്ന് ആദരിച്ചിരുന്നു.