വരകളിൽ സ്വാതന്ത്ര്യത്തിന്റെ അമൃതം വർഷിച്ച് കുരുന്നുകൾ. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ഭഗത് സിംഗും അവരുടെ വരകളിൽ പുനർജനിച്ചു. സ്വാതന്ത്ര്യസമരത്തിൻ്റെ ധീരസ്മരണകൾക്ക് ഭാവനയുടെ വർണം ചാലിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ഹർ ഘർ തിരംഗ പ്രചരണത്തോട് അനുബന്ധിച്ച് തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ലളിതകലാ അക്കാദമി, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രോത്സവം ഏകദിന ചിത്രരചനാ ക്യാമ്പിലാണ് കുരുന്നുവരകൾ സ്വാതന്ത്ര്യത്തിൻ്റെ ചിറകുവിടർത്തിയത്.

ലളിതകലാ അക്കാദമിയിൽ നടന്ന ചിത്രരചന ക്യാമ്പിന് ചിത്രകാരൻ മാർട്ടിൻ ഒ സി നേതൃത്വം നൽകി. പ്രശസ്ത ചിത്രകാരന്മാരെ കുട്ടികൾക്കായി പരിചയപ്പെടുത്തി. വരയുടെ ബാലപാഠങ്ങൾക്കൊപ്പം കുട്ടികളുടെ സംശയങ്ങളും ദൂരീകരിക്കുന്നതായിരുന്നു ചിത്രോത്സവം.

ഇഷ്ടമുള്ള ഏത് ചിത്രവും വരയ്ക്കുന്ന ആദ്യ സെഷനിൽ ഗാന്ധിയും ഭഗത് സിംഗും നെഹ്റുവും ദേശീയപതാകയും തുടങ്ങി പൂക്കളും മരങ്ങളും ലളിതകലാ അക്കാദമി മുറ്റത്തെ കാഴ്ചകൾ വരെ ചിത്രങ്ങളായി. തുടർന്ന് ക്യാമ്പ് ഡയറക്ടർ ജലച്ഛായ ചിത്രത്തിൽ ക്ലാസെടുത്തു. സ്വാതന്ത്ര്യദിന സ്മരണകൾ എന്ന വിഷയത്തിൽ ഭാരതാംബയും ദേശീയപതാകയും നിറഞ്ഞു നിന്നു. കഥകളായും പാഠഭാഗങ്ങളായും ഉള്ളിൽ പതിഞ്ഞ സ്വാതന്ത്ര്യ സ്മരണകൾ ക്യാമ്പിൽ പുനർസൃഷ്ടിച്ചു. ക്യാമ്പ് സമാപനത്തിൽ ക്യാമ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനം ആലപിച്ചു.

കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ ചിത്രരചന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വര നിരന്തരമായൊരു പ്രക്രിയയാണെന്നും തുടർച്ചയായി വായിച്ചും വരച്ചും വേണം കലാകാരൻമാർ വളരാനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നത്തെ കാലത്ത് രാജ്യത്തിന്റെ ഏകത്വം നഷ്ടപ്പെടുന്നു എന്നത് ഗൗരവമായി കാണേണ്ടതാണെന്നും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ യുവ തലമുറയുടെ ഭാഗത്തു നിന്നും ശ്രമങ്ങൾ ഉണ്ടാകണമെന്നും ബാലമുരളീകൃഷ്ണൻ പറഞ്ഞു.

ഐ പി ആർ ഡി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി ആർ സന്തോഷ് ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, ലളിതകലാ അക്കാദമി മാനേജർ കെ എസ് മനോജ് കുമാർ എന്നിവർ സംസാരിച്ചു.