നാട്ടികയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഫിഷറീസ് സ്കൂൾ ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് ഒരുങ്ങുന്നു. നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്ബോൾ ടർഫ് എന്നിവയുടെ നിർമ്മാണോദ്ഘാടനം സി സി മുകുന്ദൻ എം എൽ എ നിർവ്വഹിച്ചു.
2021-22 ബഡ്ജറ്റിൽ മൂന്ന് കോടി രൂപ ഉൾപ്പെടുത്തി 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, വസ്ത്രം മാറാനുള്ള മുറികൾ, വിളക്കുകൾ, ചുറ്റുമതിൽ എന്നിവയടങ്ങുന്ന ഹൈടെക് കെട്ടിടമാണ് നിർമിക്കുന്നത്. കേരള സ്പോർട്സ് ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. ഒരുകോടി രൂപ ചെലവിൽ ആദ്യം ചുറ്റുമതിൽ നിർമിക്കും.
ഗ്രാമീണ മേഖലയിൽ അടിസ്ഥാന കായിക സൗകര്യങ്ങൾ വികസിപ്പിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കളിക്കളത്തിൽ എത്തിക്കുന്നതിനുമാണ് കായിക വകുപ്പ് പ്രഥമ പരിഗണന നൽകുന്നതെന്നും എം എൽ എ പറഞ്ഞു.
നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് നടന്ന പരിപാടിയിൽ നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ ദിനേശൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എ അബിദ, ഹെഡ്മിസ്ട്രസ് പി എച്ച് ശെരിഫ, പ്രസിഡൻ്റ് യു കെ ഗോപാലൻ, കേരള സ്പോർട്സ് ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ യു കെ നീരജ് തുടങ്ങിയവർ പങ്കെടുത്തു.