പൊതുജനങ്ങളും തൊഴിലാളികളും സർക്കാരും സംയുക്തമായി നടത്തുന്ന ജനകീയ കൂട്ടായ്മയാണ് കേരള ലോട്ടറിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. കാലാവധി പൂർത്തീകരിച്ച ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ യാത്രയയപ്പിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനമാണ് കേരള ലോട്ടറി നൽകുന്നത്. ലോട്ടറി സമ്മാനാർഹരാകുന്ന വ്യക്തികൾക്ക് സാമ്പത്തിക അച്ചടക്കം ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശീലനം നൽകും. ചിട്ടയാർന്ന തൊഴിലാളി യൂണിയൻ പ്രവർത്തനവും ക്ഷേമനിധി ബോർഡിന്റെ പ്രവർത്തങ്ങളും തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിത്വം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാലാവധി പൂർത്തിയാക്കിയ ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും ഉദ്യാഗസ്ഥർക്കും ചടങ്ങിൽ മന്ത്രി ഉപഹാരങ്ങൾ കൈമാറി. ചടങ്ങിൽ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സി ഇ ഒ എബ്രഹാം റെൻ സ്വാഗതം ആശംസിച്ചു.