ചിന്നക്കനാല്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. അഡ്വ.എ. രാജ എം.എല്‍.എ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കൃഷിയില്‍ സ്വയംപര്യാപ്തതയിലേക്ക് എത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എംഎല്‍എ പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ആവശ്യമായ കാര്‍ഷികോത്പന്നങ്ങള്‍ സ്വയം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നിലയിലേക്ക് എത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിക്ഷ്‌ക്കരിച്ച് വരുന്നത്. രാജ്യത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനം കര്‍ഷകരാണ്. കര്‍ഷകരുണ്ടെങ്കിലെ രാജ്യത്തിന് നിലനില്‍പ്പൊള്ളുവെന്നും എംഎല്‍എ പറഞ്ഞു. ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുതിര്‍ന്ന കര്‍ഷകരെയും മികച്ച കുട്ടി കര്‍ഷകനേയും ആദരിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി കൃഷിദര്‍ശന്‍ വിളംബര ജാഥയും നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. പള്ളിയമ്മാള്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു തോമസ്, കൃഷി ഓഫിസര്‍ അനില്‍ ബി. ജി., ഗ്രാമ പഞ്ചായത്തംഗങ്ങള്‍, കൃഷി വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.