ഇന്ന് കാണുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജന പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ സാധിക്കുന്നത് ജനകീയാസൂത്രണത്തിന്റെ ഫലമാണെന്ന്
എം.എം. മണി എംഎല്‍എ. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.

ജനകീയാസൂത്രണമെന്നത് ഒരു വികസന കാഴ്ചപ്പാടാണ്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളില്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ജനങ്ങളുടെ പങ്കാളിത്തത്തില്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് തികച്ചും ജനാധിപത്യപരമാണ്. ഇത്തരത്തില്‍ നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ കഴിയുന്നത് ജനകീയസൂത്രണം നിലവില്‍ വന്നതുകൊണ്ടാണ്. വിവിധ സര്‍ക്കാരുകള്‍ മാറിമാറി ഭരണത്തില്‍ വരുമ്പോള്‍ അവരുടെ കാഴ്ച്ചപ്പാടിനനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. അവയെല്ലാം ജനങ്ങളുടെ പൂര്‍ണമായ പങ്കാളിത്തത്തില്‍ മാത്രമാണ് നടപ്പിലാക്കുന്നതെന്നതും അത് ജനകീയാസൂത്രണത്തിന്റെ ഫലമായാണെന്നും എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.

‘അധികാര വികേന്ദ്രീകരണം കാല്‍നൂറ്റാണ്ട് ‘എന്ന തലക്കെട്ടില്‍ പഞ്ചായത്ത് തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു. 1995 മുതല്‍ 2020 വരെയുള്ള മുന്‍കാല ഭരണസമിതി അംഗങ്ങള്‍, ജനകീയാസൂത്രണ പ്രവര്‍ത്തകര്‍, മികച്ച കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, ജില്ലയില്‍ ആദ്യമായി അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയ ഡോ. അര്‍ജുന്‍ അജയഘോഷ് (താലൂക്ക് ഹോസ്പിറ്റല്‍, നെടുങ്കണ്ടം) എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

തുടര്‍ന്ന് ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണവും – ചരിത്രത്താളുകളിലൂടെ എന്നതില്‍ റിട്ട. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും കില ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ പി.വി. മധു വിഷയം അവതരിപ്പിച്ചു.

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിജയകുമാരി എസ്. ബാബു, കെ. ടി. വര്‍ഗീസ്, സി. എം. കുര്യാക്കോസ്, കെ. ജെ. സിജു, മുകേഷ് മോഹനന്‍, ശ്രീദേവി എസ്. ലാല്‍, സാലി ഷാജി, വനജ കുമാരി കെ, സജ്ന ബഷീര്‍, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എം. കെ. ദിലീപ്, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.