വെള്ളപ്പൊക്കത്തിന് ശേഷം പല സാംക്രമിക രോഗങ്ങളും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ട്. അതിനെതിരെയുള്ള മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ത്വക്ക് രോഗങ്ങളും കണ്ണ്, ചെവി എന്നിവയിലെ അണുബാധകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. കഴിയുന്നതും ചര്‍മ്മം ഈര്‍പ്പരഹിതമായി സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. മലിനജലത്തില്‍ ഇറങ്ങേണ്ടി വരികയാണെങ്കില്‍ അതിന് ശേഷം ക്ലോറിനേറ്റ് ചെയ്ത വെള്ളത്തില്‍ കൈകാലുകള്‍ കഴുകി വൃത്തിയാക്കി ഉണക്കേണ്ടതാണ്. വളംകടി , ചെങ്കണ്ണ് പോലുള്ളവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്. ജില്ലയിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ എല്ലാ ജീവനക്കാരേയും ദുരിതാശ്വാസക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് നിയോഗിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്നെത്തിയിട്ടുള്ള നഴ്‌സിംഗ് വിദ്യാര്‍ഥികളെ വിവിധ ക്യാമ്പുകളിലെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്.