കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.

പാരാമെഡിക്കല്‍ സയന്‍സ്, ഇംഹാന്‍സ് എന്നിവയ്ക്കായുള്ള പുതിയ ബില്‍ഡിംഗ് നിര്‍മ്മാണം, എക്‌സാം ഹാള്‍ നിര്‍മാണം, ഡ്രഗ് സ്റ്റോറിന്റെ നവീകരണം, പിജി ബ്ലോക്ക്, ബോയ്‌സ് ഹോസ്റ്റല്‍ തുടങ്ങിയവയുടെ നിര്‍മ്മാണം ഉള്‍പ്പെടെ ആശുപത്രിയില്‍ നടപ്പിലാക്കുന്നതിന് അനുമതി ലഭിച്ച വിവിധ പദ്ധതികളുടെ നിലവിലെ നിര്‍മ്മാണ പുരോഗതി യോഗം വിലയിരുത്തി.

സൂപ്രണ്ടുമാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ ഓരോ മാസത്തിലും പദ്ധതികളുടെ അവലോകന യോഗം ചേരണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി. ഓരോ പ്രവൃത്തികളുടെയും പ്രാധാന്യം മനസിലാക്കി പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളില്‍ സാങ്കേതികാനുമതിക്ക് വേണ്ടി ഒരുപാട് വൈകിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. സാങ്കേതികാനുമതിക്കാനായി സമര്‍പ്പിച്ച എസ്റ്റിമേറ്റുകള്‍ക്ക് എത്രയും വേഗത്തില്‍ അനുമതി നല്‍കാന്‍ ചീഫ് എഞ്ചിനീയര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സാങ്കേതികാനുമതി ലഭിച്ച പ്രവൃത്തികള്‍ക്ക് ഒരുമാസത്തിനകം ടെന്‍ഡര്‍ ചെയ്യാനുള്ള നിര്‍ദേശവും പ്രത്യേകം നല്‍കും. പദ്ധതികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കുന്നതിനും കോംപോസിറ്റ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ വിഭാഗവും പിഡബ്ല്യൂഡിയും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കും. മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതിന് പ്രത്യേക ശ്രദ്ധ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ സൂപ്രണ്ടുമാര്‍, വിവിധ വകുപ്പ് മോധാവികള്‍, പിഡബ്ല്യൂഡി സിവില്‍, ഇലക്ട്രിക്ക് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.