കുന്നംകുളം നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം. നഗരസഭ ഓഫീസ്, പുതിയ ബസ് സ്റ്റാന്റ്, കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്ക്, അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക്, നഗരസഭ സുഭിക്ഷ ഹോട്ടല്‍ എന്നിവിടങ്ങൾ സന്ദർശിച്ചു.
കുന്നംകുളം നഗരസഭ ഓഫീസിലെത്തിയ അദ്ദേഹം ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രനുമായി നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങൾ ചോദിച്ചറിഞ്ഞു. മാലിന്യ സംസ്കരണം താഴേത്തട്ടില്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി സംസ്ഥാന തലത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് നല്ലവീട് നല്ലനഗരം പദ്ധതിയെ പറ്റിയും വിശദാംശങ്ങള്‍ ശേഖരിച്ചു. ജൈവകലണ്ടര്‍ പ്രകാരം നഗരസഭ തയ്യാറാക്കുന്ന മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളും ചോദിച്ചറിഞ്ഞു.
കുന്നംകുളത്തെ ഇ കെ നായനാര്‍ സ്മാരക ബസ് സ്റ്റാന്‍ഡിന്റെയും ബസ് ടെര്‍മിനലിന്റെയും രൂപകല്പനയെയും നിര്‍മ്മാണത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഇത്തരം പുതുപരീക്ഷണങ്ങള്‍ നടപ്പാക്കുന്നതിന് കോര്‍പ്പറേഷന്‍, നഗരസഭകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്കില്‍ വളം ഉല്‍പ്പാദന കേന്ദ്രം, പ്ലാസ്റ്റിക് തരംതിരിക്കല്‍ കേന്ദ്രം, ചകിരി സംസ്കരണ യൂണിറ്റ്, ബെയിലിങ്ങ് കേന്ദ്രം എന്നിവിടങ്ങളിലും സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. വളം ഉല്‍പ്പാദനത്തിന്റെ സാധ്യത, വളം കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കല്‍, ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തല്‍, ഗ്രീന്‍ പാര്‍ക്കിലൂടെ സ്ത്രീകള്‍ക്ക് തൊഴില്‍ സാധ്യത എന്നിവയിലും നിര്‍ദ്ദേശങ്ങള്‍ നല്‍കി.
സീനിയര്‍ ഗ്രൗണ്ടിനടുത്തുള്ള ജില്ലയിലെ അസാപ് കമ്മ്യൂണിറ്റ് സ്കില്‍ പാര്‍ക്കിലെത്തിയ അദ്ദേഹം ലിംഗ്വിസ്റ്റിക് – ലാംഗേജ് കോഴ്സിനെ പറ്റിയും അതിന്റെ സാധ്യതയെ പറ്റിയും വിശദീകരിച്ചു. കുട്ടികളെ ടെക്നിക്കല്‍ വിദ്യാഭ്യാസരീതിയിലേക്ക് മാറ്റുന്നതോടൊപ്പം വിദേശ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങളില്‍ അസാപ് പോലുള്ള പദ്ധതികള്‍ ഉപകരികരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വ്യക്തമാക്കി. അസാപ് കേന്ദ്രത്തിന്റെ ഹൈടെക് നിര്‍മാണമാതൃകയെയും അഭിനന്ദിച്ചു. നഗരസഭയിലെ സുഭിക്ഷ ഹോട്ടലിലെ പാചകപ്പുര സന്ദര്‍ശിച്ചു. എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ജൂനിയര്‍ സൂപ്രണ്ട് പി എസ് നിയാസ്, എം എസ് ഷൈന്‍ തുടങ്ങിയവർക്ക് ഒപ്പമായിരുന്നു സന്ദർശനം.
നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അംഗങ്ങളായ പി എം സുരേഷ്, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.