സമ്പൂര്‍ണ ശുചിത്വ പൂക്കോട്ടുകാവ് ദൗത്യത്തിനായി പഞ്ചായത്തിന്റെ ഹരിതം 2022 ക്യാമ്പയിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. കല്ലുവഴി മുതല്‍ പൂക്കോട്ടുകാവ് വരെയാണ് വിളംബരജാഥ സംഘടിപ്പിച്ചത്. ഹരിതകര്‍മ്മ സേന നാടിന്റെ സുരക്ഷയ്ക്ക് എന്ന ആശയത്തില്‍ നടന്ന ജാഥ അഡ്വ. കെ. പ്രേം.കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ അധ്യക്ഷയായി.
പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ ശുചിത്വ ക്യാമ്പയിനാണ് ഹരിതം 2022. ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനോടൊപ്പം നാടിനെ ഹരിതാഭമാക്കി മാറ്റി പരിസ്ഥിതി സൗഹാര്‍ദപരമായ അന്തരീക്ഷം ഒരുക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. മാലിന്യമുക്ത പഞ്ചായത്തായി പൂക്കോട്ടുകാവിനെ മാറ്റുകയും ശുചിത്വ ബോധമുള്ള തലമുറയെ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഉദ്ദേശം.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുള്ളത്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു ലക്ഷം രൂപ പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ട്. പരിസ്ഥിതി ദിനത്തില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചാണ് ക്യാമ്പയിന് തുടക്കമിട്ടത്. ജൂലൈ മാസത്തില്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ഹരിതം 2022 പരിപാടിയുടെ ഭാഗമായി വാര്‍ഡ് മെമ്പര്‍മാര്‍, സി.ഡി.എസ്. അംഗങ്ങള്‍, ആശ പ്രവര്‍ത്തകര്‍, തെരഞ്ഞെടുത്ത സാമൂഹ്യ പ്രവര്‍ത്തകര്‍, എന്നിവര്‍ക്ക് പരിശീലനം നല്‍കി. ഓഗസ്റ്റില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.
ക്യാമ്പയിന്റെ ഭാഗമായി പൂക്കോട്ടുകാവ് സെന്ററിന് സമീപം കാഞ്ഞിരപ്പുഴ കനാല്‍ വശങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ മരതൈകള്‍ നട്ടു. പ്ലാസ്റ്റിക് മാലിന്യത്തെ ഹരിതകര്‍മ്മസേന പ്രവര്‍ത്തകരുടെ സഹകരണത്തോടെ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍, ഐ.ആര്‍.ടി.സി. വളണ്ടിയര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍,
ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, റെഡ് ക്രോസ്, എസ്.പി.സി., സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവര്‍ വിളംബര ജാഥയില്‍ പങ്കെടുത്തു.