കല്‍പ്പറ്റ: ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നല്‍കി ദമ്പതിമാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതൃകയായി. കുടുബശ്രീയുടെ വയനാട് ജില്ലയിലെ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.ആര്‍.ഒ) മെന്ററായ സുലൈമാന്‍ പതിയില്‍, ഭാര്യ എന്‍.എന്‍ അസീന എന്നിവരാണ് ഒരുലക്ഷം രൂപ വയനാട് കളക്ടറേറ്റിലെത്തി നേരിട്ട് സംസ്ഥാന എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറിയത്. അസീന മലപ്പുറം കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപികയാണ്. പനമരത്തെ ക്യാമ്പ് സന്ദര്‍ശിച്ചതിനുശേഷം ഇരുവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരുമാസത്തെ ശമ്പളത്തോടൊപ്പം ബാക്കി തുക കൂടി കൂട്ടിചേര്‍ത്ത് ഒരുലക്ഷം രൂപയാക്കി നല്‍കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. ജോലിയുടെ ഭാഗമായി ജില്ലയിലെ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ബുദ്ധിമുട്ടുകള്‍ അടുത്തറിഞ്ഞു. തുടര്‍ന്നു ഭാര്യയുമായി സംസാരിച്ച് ഇത്തരമൊരു തീരുമാനമെടുക്കുകയായിരുന്നെന്നും സുലൈമാന്‍ പറഞ്ഞു. സഹായങ്ങള്‍ ഇനിയും കേരളത്തിനാവശ്യമാണ്. ഇത്തരത്തിലുള്ള സഹായങ്ങള്‍ ദുരിതബാധിതര്‍ക്കൊരു കൈത്താങ്ങും മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാവട്ടെയെന്നും ഈ ദമ്പതികള്‍ പറയുന്നു. സുലൈമാനെ കുടുംബശ്രീ ജില്ലാ മിഷന്‍ അഭിനന്ദിച്ചു.