സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടതുപോലെ
അതിശക്തമായ മഴ ഇനി ഉണ്ടാകില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ
കേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.

19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. അതിനു ശേഷം മഴയുടെ
അളവിൽ കുറവുണ്ടാകും. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ റെഡ്
അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ 11 സെന്റിമീറ്റർ
വരെ മഴ ലഭിക്കാനുള്ള സാധ്യതയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗികമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകൾ
മാത്രമേ ജനങ്ങൾ വിശ്വസിക്കാവൂ എന്നും തെറ്റായ സന്ദേശങ്ങൾ കണ്ടു
പരിഭ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.