പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ തിരുവനന്തപുരം
നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിച്ച എട്ടു ലോഡ് സാധനങ്ങൾ പ്രളയ ബാധിത
പ്രദേശങ്ങളിലേയ്ക്ക് അയച്ചു. ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ
തുടങ്ങിയവയാണ് നഗരസഭ ശേഖരിച്ച് കൈമാറിയത്.

ഇന്ന് (ഓഗസ്റ്റ് 19) ഏകദിന ക്യാമ്പായി 16 കേന്ദ്രങ്ങളിൽ സാധന സാമഗ്രികൾ
ശേഖരിക്കുന്നതിനാണു കോർപ്പറേഷൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ
കോർപ്പറേഷന്റെ മുഖ്യ ഓഫിസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക്
അവശ്യ സാധനങ്ങൾ കൈമാറുന്നതിനായി  ജനങ്ങൾ സ്വമേധയാ
മുന്നോട്ടുവരികയായിരുന്നു. ഇതോടെ കഴിഞ്ഞ രണ്ടു ദിവസമായി നഗരസഭാ മെയിൻ
ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം കളക്ഷൻ സെന്ററായി മാറി.

വെള്ളിയാഴ്ച 20,000 കുപ്പി കുടിവെള്ളം ഇന്നലെ പത്തനംതിട്ടയിലേക്ക്
അയച്ചിരുന്നു. ഇന്നലെ സാധനങ്ങളുമായി എട്ടു ലോറികളാണു യാത്ര തിരിച്ചത്.
ടൂറിസം – സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൂന്നു ലോറികൾ ഫ്‌ളാഗ് ഓഫ്
ചെയ്തു. മേയർ വികെ.പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വികസനകാര്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, ടൗൺപ്ലാനിംഗ്
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ എന്നിവർ സന്നിഹിതരായിരുന്നു.

ഏകദേശം 50 ലക്ഷം രൂപയുടെ  സാധനങ്ങൾ ഇതുവരെയായി  നഗരസഭയുടെ കൗണ്ടറിലൂടെ
ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണു കണക്കാകകുന്നത്.  ഇതുകൂടാതെ നഗരസഭയിലെ
കോൺട്രാക്ടർമാരുടെ സംഘടനകളിൽനിന്നും, റെസിഡൻസ് അസോസിയേഷനുകളിൽനിന്നുമായി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള 2,30,000 രൂപയുടെ
ചെക്കും ലഭിച്ചു.

ഓഗസ്റ്റ് 19ന്‌ പാളയം കോർപ്പറേഷൻ മെയിൻ ഓഫീസ്, പുത്തരിക്കണ്ടം
മൈതാനം, ജഗതി മൈതാനം, കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫീസിന് സമീപം,
ശാസ്തമംഗലം ജംഗ്ഷൻ, വഞ്ചിയൂർ ജംഗ്ഷൻ, വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി
ഓഫീസിന് സമീപം, ചാക്ക വൈ.എം.എയ്ക്ക് സമീപം, പേരൂർക്കട സോപാനം ഷോപ്പിംഗ്
കോംപ്ലക്‌സിന് മുൻവശം, തിരുവല്ലം നഗരസഭ സോണൽ ഓഫീസിന് സമീപം, ഉള്ളൂർ
ജംഗ്ഷൻ, സ്റ്റാച്യു ജംഗ്ഷൻ, തമ്പാനൂർ ചൈത്രം ഹോട്ടലിന് എതിർവശം,
പാപ്പനംകോട് ശ്രീചിത്ര എഞ്ചിനീയറിംഗ് കോളേജിന് മുൻവശം, വിഴിഞ്ഞം ജംഗ്ഷൻ,
ശ്രീകാര്യം ജംഗ്ഷൻ എന്നിവിടങ്ങളിൽ ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ നഗരസഭയുടെ
കൗണ്ടറുകൾ പ്രവർത്തിക്കും. രാവിലെ  8 മണി മുതൽ 2 മണി വരെയാണ്  പ്രവർത്തന
സമയം.

തോർത്ത്, ലുങ്കി, മുണ്ട്, നൈറ്റി, ബെഡ്ഷീറ്റ്, റ്റീഷർട്ട്, ഷർട്ട്, സാരി,
നോട്ട് ബുക്ക്, പേന, ഡെറ്റോൾ, പേസ്റ്റ്, ബ്രഷ്, ബാത്ത്‌സോപ്പ്, വാഷിംഗ്
സോപ്പ്, ബക്കറ്റ്, സാനിട്ടറി നാപ്കിൻ, അരി, പയർ, ഗോതമ്പ് പൊടി,
പുട്ടുപൊടി, റവ, തേങ്ങ, വെളിച്ചെണ്ണ, തേയില, പഞ്ചസാര, മുളക്, ഉപ്പ്,
ബിസ്‌കറ്റ് എന്നീ സാധനങ്ങളാണ് ശേഖരിക്കുന്നത്. പുതിയ സാധനങ്ങൾ മാത്രമേ
സ്വീകരിക്കുകയുള്ളൂവെന്നു മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.