– ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗം ചേർന്നു

കോട്ടയം: ആഫ്രിക്കൻ ഒച്ചുകൾ ഉയർത്തുന്ന ഭീഷണി സമയബന്ധിതമായി നേരിടുന്നതിനു ജില്ലാഭരണകൂടം ആവിഷ്‌ക്കരിച്ച ‘പാഠം ഒന്ന് -ഒച്ച്’ സമഗ്ര കർമപരിപാടിക്ക് ഇന്നു(ഓഗസ്റ്റ് 24) തുടക്കമാകും.
ജില്ലാതല ഉദ്ഘാടനം കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി രാവിലെ 10.30ന് നിർവഹിക്കും. ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ആഫ്രിക്കൻ ഒച്ചുകളെ നേരിടുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ പങ്കെടുത്ത് ഓൺലൈനിലും യോഗം ചേർന്നു. ജനപ്രതിനിധികൾക്കായി കർമപരിപാടി വിശദീകരിച്ചു.
‘പാഠം ഒന്ന് -ഒച്ച്’ പരിപാടി ഓഗസ്റ്റ് 25 മുതൽ 31 വരെയാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും നടപ്പാക്കുന്നത്. ‘ഏകാരോഗ്യം’ പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കുമരകം കൃഷി വിജ്ഞാനകേന്ദ്രം, വനം വകുപ്പ്, കുടുംബശ്രീ എന്നിവ സംയുക്തമായാണ് പരിപാടി നടപ്പാക്കുക. തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകർമ സേന, പാടശേഖര സമിതികൾ, പച്ചക്കറി കർഷകരുടെ സംഘങ്ങൾ, കർഷകകൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം ഒച്ചുകളെ കെണികൾ ഉണ്ടാക്കി പിടിച്ചു നശിപ്പിക്കുകയാണു ലക്ഷ്യം.
കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടോമിച്ചൻ ജോസഫ്, അജിത രതീഷ്, ആര്യ രാജൻ, റൂബി ജോസ്, മറിയാമ്മ ഏബ്രഹാം, ഓമന ഗോപാലൻ, ജനപ്രതിനിധികളായ പ്രേമ ബിജു, ജോൺസൺ പുളിക്കൽ, ഏകാരോഗ്യം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എ.ആർ. ഭാഗ്യശ്രീ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി. റീനാ ജോൺ, ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, കോട്ടയം ഡി.എഫ്.ഒ: എൻ. രാജേഷ്, ആരോഗ്യ വകുപ്പ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.കെ. കവിത, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നോഡൽ ഓഫീസർ വി.ജെ. ഷീല എന്നിവർ പങ്കെടുത്തു.

വിവരങ്ങൾ നൽകാം

ആഫ്രിക്കൻ ഒച്ച് നിങ്ങളുടെ പ്രദേശത്തു വ്യാപിക്കുന്നുണ്ടെങ്കിൽ വിവരങ്ങൾ https://forms.gle/79PZ3LiG777wwMhB8 എന്ന ഗൂഗിൾ ഫോം വഴി പൂരിപ്പിച്ച് ഓൺലൈനായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം.