കോട്ടയം: ജില്ലാ ഖാദി വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കളക്ട്രേറ്റിൽ ദ്വിദിന ഓണം ഖാദി മേള തുടങ്ങി. മേളയിൽ 30 ശതമാനം വിലക്കിഴവിൽ സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഖാദി തുണിത്തരങ്ങൾ വാങ്ങാം.
കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ ഖാദി മേള ഉദ്ഘാടനം ചെയ്തു. എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ,
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ ധന്യ ദാമോദരൻ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് വില്ലേജ് ഇൻഡ്സ്ട്രീസ് ഓഫീസർ എം.എസ്. സബീന ബീഗം എന്നിവർ പ്രസംഗിച്ചു.
ഖാദി തുണിത്തരങ്ങളിൽ വൈവിധ്യം
ജില്ലയിലെ അഞ്ചു ഖാദി ഷോറൂമുകളിൽ ഓഗസ്റ്റ് രണ്ടു മുതൽ ആരംഭിച്ച ഖാദി ഓണം മേളയിൽ വൈവിധ്യമാർന്നതും നവീന ഡിസൈനിലുള്ളതുമായ ഖാദി തുണിത്തരങ്ങളും ഉൽപ്പന്നങ്ങളുമാണ് വിലക്കിഴിവിലൂടെ ലഭ്യമാകുന്നത്. ഖാദി-സിൽക്ക് സാരിക്കൊപ്പം റോയൽ ഇന്ത്യൻ ഖാദി റെഡിമെയ്ഡ് ഷർട്ടുകൾക്കും ചുരിദാർ സെറ്റുകൾക്കുമാണ് ഏറെ ഡിമാൻഡ്. ഷർട്ട്് പീസുകൾ, ധോത്തി, ചുരിദാർ ടോപ്പ്, കിടക്കവിരി, ഖാദി സിൽക്ക്് സാരി, കാവി മുണ്ടുകൾ, തോർത്ത്് എന്നിവയുടെ പല ഡിസൈനുകളിലും നിറങ്ങളിലുമുള്ള ഖാദി ഉൽപന്നങ്ങളാണ് മേളയിലുള്ളത്.
സ്വർണസമ്മാനവും വിലക്കിഴിവും
ഓണം മേള കാലയളവിൽ 30% വിലക്കിഴിവിൽ ഖാദി ഉൽപന്നങ്ങൾ വാങ്ങാം. ആയിരം രൂപയുടെ പർച്ചേസിന് ഒരു സമ്മാനക്കൂപ്പണും എല്ലാ ഉപയോക്താക്കൾക്കും ലഭിക്കും. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ 5000 രൂപയുടെ ഗിഫറ്റ്് വൗച്ചർ സമ്മാനമായി നൽകും. മെഗാസമ്മാന പദ്ധതിയിലൂടെ ഒന്നാം സമ്മാനമായി 10 പവനും രണ്ടാം സമ്മാനമായി അഞ്ചു പവനും മൂന്നാം സമ്മാനമായി ഒരു പവനും നൽകും. സർക്കാർ/അർദ്ധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ജില്ലയിൽ കോട്ടയം ബേക്കർ ജംഗ്ഷനിലെ സി.എസ്.ഐ. ഷോപ്പിങ് കോംപ്ലക്സ്, ചങ്ങനാശേരി റവന്യൂ ടവർ, ഏറ്റൂമാനൂർ പാലാ റോഡിലുള്ള ഏദൻസ് ടവർ, വൈക്കം കർമേൽ ഷോപ്പിങ് കോംപ്ലക്സ്, ഉദയനാപുരം എന്നിവിടങ്ങളിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകൾ വഴി ഖാദി ഉൽപന്നങ്ങൾ വാങ്ങാം. സെപ്റ്റംബർ ഏഴുവരെയാണ് മേള.
ഖാദി വാങ്ങാം; ഫാഷൻ ഷോയിൽ മാറ്റുരയ്ക്കാം
ഗാന്ധിജയന്തി വാരാത്തോടനുബന്ധിച്ച് ഒക്ടോബറിൽ ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥർക്കും കോളജ് വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കുമായി ഖാദി ഫാഷൻ ഷോ സംഘടിപ്പിക്കുന്നുണ്ട്. ഫാഷൻ ഷോയിൽ പങ്കെടുക്കാനായി ഖാദി ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ബില്ലുകൾ സൂക്ഷിച്ചു വയ്ക്കണം. ഫാഷൻ ഷോയിൽ പങ്കെടുക്കണമെങ്കിൽ തുണിത്തരങ്ങൾ വാങ്ങിയ ബില്ല് നിർബന്ധമാണ്. ഫാഷൻ ഷോയ്ക്ക് ആവശ്യമായ തുണി വിലക്കുറവിൽ വാങ്ങാൻ മേള പ്രയോജനപ്പെടുത്താമെന്ന് ജില്ലാ ഖാദി വ്യവസായ ഓഫീസ് അറിയിച്ചു.