തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ അടിയന്തര നിര്‍ദേശം പാലക്കാട് തൃത്താലയില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ഒഡിഷ സ്വദേശി ത്രിലോചന്‍ സുനാനിയുടെ കുടുംബത്തിന് സാന്ത്വനമാകുന്നു. ഒഡിഷയിലെ മിഥിലാപഥര്‍, കളബന്ദിയിലെ ദിജാപ്പൂര്‍ ഗുഡിയാലി പഥറില്‍ ത്രിലോചന്‍ സുനാനി നവംബര്‍ രണ്ടാം തിയതിയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ജോലി നോക്കവേ അപകടത്തില്‍ മരണമടഞ്ഞത്. കേരളപ്പിറവി ദിനത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പാക്കിയ ആവാസ് പദ്ധതിയുടെ ആനൂകൂല്യങ്ങള്‍ ഇദ്ദേഹത്തിന്റെ കുടുംബത്തിന് അടിയന്തരമായി ലഭ്യമാക്കുന്നതിന് പാലക്കാട് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് (എന്‍ഫോഴ്‌സ്‌മെന്റ്) തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്ത്യയിലാദ്യമായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആവാസില്‍ അംഗമാകുന്നതിന് ത്രിലോചന്‍ സുനാനി അപേക്ഷ സമര്‍പ്പിച്ചിരുന്നു. 2018 ജനുവരി ഒന്നു മുതലാണ് പദ്ധതിയില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനി മുഖേനയുള്ള ആനുകൂല്യ ലഭ്യമാകുന്നത്.
ഇന്‍ഷ്വറന്‍സ് ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് മൂന്ന് മാസത്തെ കാലതാമസം എടുക്കുമെന്നതിനാല്‍ ആവാസ് പദ്ധതിയില്‍ 2017 നവംബര്‍ ഒന്നു മുതല്‍ രജിസ്‌ട്രേഷന്‍ നടത്തി അംഗങ്ങളായി കാര്‍ഡ് ലഭിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇക്കാലയളവില്‍ ആനുകൂല്യം അനുവദിക്കുന്നതിനുള്ള അധികാരം അതാത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് (എന്‍ഫോഴ്‌സ്‌മെന്റ്) നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഇന്‍ഷ്വറന്‍സ് ഏജന്‍സിയെ കണ്ടെത്തുന്ന കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിക്കുകയോ അസുഖംമൂലം ചികിത്സ തേടേണ്ടിവരികയോ ചെയ്താല്‍ ബന്ധപ്പെട്ട എഫ്‌ഐആര്‍, ചികിത്സാ രേഖകള്‍ എന്നിവ പരിശോധിച്ച് പദ്ധതി പ്രകാരമുള്ള സൗജന്യചികിത്സാ സഹായവും അപകട മരണ ഇന്‍ഷ്വറന്‍സ് തുകയും നല്‍കും. ആവാസ് രജിസ്‌ട്രേഷന്‍ നല്‍കുന്ന വേളയില്‍ത്തന്നെ പദ്ധതിയുടെ ഗുണഫലം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ നടപടിയാണ് ഇപ്പോള്‍ ത്രിലോചന്‍ സുനാനിയുടെ കുടുംബത്തിന് ആശ്വാസമായിരിക്കുന്നത്.
മരണമടഞ്ഞ തൊഴിലാളിയുടെ ആശ്രിതരുടെ അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് ആവാസ് പദ്ധതി പ്രകാരമുള്ള രണ്ടു ലക്ഷം രൂപ ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)വിതരണം ചെയ്യും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം എംബാം ചെയ്യുന്ന മൃതദേഹം വിമാനമാര്‍ഗ്ഗം ഒഡിഷയിലേക്കും അവിടെ നിന്നും മരണപ്പെട്ടയാളുടെ ഭവനത്തിലേക്കും എത്തിക്കുന്നതിന് തൊഴില്‍ വകുപ്പും ജില്ലാ ഭരണകൂടവും നടപടി സ്വീകരിച്ചുകഴിഞ്ഞതായും മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു.