നമ്മുടെ രാജ്യത്തെ ദുരന്തനിവാരണപ്രവർത്തനങ്ങളിൽ സിവിൽ ഭരണ സംവിധാനവും സൈന്യവും യോജിച്ചുനിന്നാണ് പ്രവർത്തിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇതുപോലുള്ള എല്ലാ അവസരങ്ങളിലും ജില്ലാ ഭരണസംവിധാനത്തിനോടൊപ്പം സഹായിക്കുന്നതരത്തിൽ പ്രവർത്തിക്കുകയാണ് സൈന്യത്തിന്റെ കർത്തവ്യം. നാടിനെ പരിചയമുള്ളവരുടെ സഹായത്തോടെ സൈന്യം ഒത്തുചേർന്ന് ജില്ലാ ഭരണസംവിധാനം ഒരുക്കുന്ന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പ്രവർത്തിക്കണം. സൈന്യം മാത്രമായി ഒരു ദുരന്തനിവാരണ ഓപ്പറേഷനും സാധ്യമല്ല. സംസ്ഥാന, ഭരണ സംവിധാനങ്ങൾ സൈന്യത്തിന് പുറമെ എൻ.ഡി.ആർ.എഫ്, കോസ്റ്റ്ഗാർഡ്, സി.ആർ.പി.എഫ്, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് എന്നീ കേന്ദ്ര സേനകളുടെയും ഫയർഫോഴ്‌സ്, പോലീസ്, എസ്.ഡി.ആർ.എഫ്, റവന്യൂ, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥരുടെയും യോജിച്ചുള്ള പ്രവർത്തനത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ.
സംസ്ഥാന തലത്തിൽ കേന്ദ്രീകരിക്കപ്പെടുന്ന ജോയിന്റ് കമാൻഡ് ആന്റ് കൺട്രോൾ സെന്ററാണ് ഈ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഇത് തന്നെയാണ് മുമ്പുള്ള എല്ലാ സാഹചര്യങ്ങളിലും രാജ്യത്ത് അനുവർത്തിച്ചുവരുന്നത്. ആസാമിലെയും ചെന്നൈയിലെയും ജമ്മുകാശ്മീരിലെയും പ്രളയത്തിന്റെയും ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഭൂകമ്പത്തിന്റെയും ഒക്കെ ഘട്ടത്തിൽ ഇത്തരം പ്രവർത്തനങ്ങൾ സൈന്യത്തിനെ മാത്രം ഏൽപ്പിച്ചിരുന്നില്ല. ജമ്മുകാശ്മീരിന്റെ സവിശേഷമായ സാഹചര്യത്തിൽ പോലും സംസ്ഥാന സർക്കാരും സൈന്യവും ഒന്നിച്ചുപ്രവർത്തിക്കുന്ന രീതിയാണുണ്ടായതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.