* സംസ്ഥാനം പൂർവസ്ഥിതിയിലാകുന്നതുവരെ ജാഗ്രത തുടരും
 
ശനിയാഴ്ച 58,506 പേരെ പ്രളയക്കെടുതിയിൽനിന്ന് രക്ഷിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 33 പേർ ശനിയാഴ്ച  മരിച്ചു. മഴക്കെടുതിയിൽനിന്ന് സംസ്ഥാനം പൂർവസ്ഥിതിയിലാകുന്നതുവരെ ജാഗ്രത തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
22 ഹെലികോപ്റ്റർ, 83 നേവി ബോട്ടുകൾ, 169 എൻ.ഡി.ആർ.എഫ് ടീമുകളും ബോട്ടുകളും, അഞ്ച് ബി.എസ്.എഫ് സംഘം, കോസ്റ്റ് ഗാർഡിന്റെ 35 ടീമും ബോട്ടും,  ആർമി എഞ്ചിനീയറിംഗിന്റെ 25 സംഘം, ഫയർ ആൻറ് റസ്‌ക്യൂവിന്റെ 59 ബോട്ടുകൾ, തമിഴ്‌നാട്, ഒറീസ ഫയർ ആൻറ് റസ്‌ക്യൂ ടീമുകൾ, 600 മത്‌സ്യത്തൊഴിലാളി ബോട്ടുകൾ, 40,000 പോലീസ് സേനയും അവരുടെ ബോട്ടും, 3200 ഫയർ ആൻറ് റസ്‌ക്യൂ ജീവനക്കാർ എന്നിവർ ശനിയാഴ്ച രംഗത്തുണ്ടായിരുന്നു. ഇതിനുപുറമേയാണ് ബഹുജനങ്ങളും വിവിധ സ്ഥാപനങ്ങളും സംഘടനകളും നൽകുന്ന പിന്തുണ.
കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ജനങ്ങളുടെ ഭാഗത്തുനിന്നും നല്ല സഹകരണമുണ്ടായി. ഈ ഒരുമയാണ് മഹാദുരന്തം നേരിടാൻ കരുത്തായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഒരുമ എന്നും കാത്തുസൂക്ഷിക്കാനായാൽ ഏതു പ്രതിസന്ധിയും നേരിടാനും വികസനക്കുതിപ്പുണ്ടാക്കാനുമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കുകയും അതിജീവിക്കുന്നതിനുള്ള ബലം നൽകുകയും ചെയ്യുക എന്നത് രക്ഷാപ്രവർത്തനത്തിന്റെ ബാലപാഠങ്ങളിലൊന്നാണ്. അത് മറന്നുകൊണ്ട് ജനങ്ങളെ ആശങ്കയിൽ നിർത്തുന്ന പ്രചാരണങ്ങളും ഇടപെടലുകളും ഇത്തരം പ്രവർത്തനത്തെ ദുർബലപ്പെടുത്താനേ സഹായിക്കുകയുള്ളൂ. അത്തരം ഇടപെടൽ ആരുടെ ഭാഗത്ത് നിന്നായാലും അവസാനിപ്പിക്കണം. ദുരന്തം ഉയർത്തിയ പ്രശ്‌നങ്ങളെ ഒന്നായിനിന്ന് നേരിടുന്ന ഘട്ടത്തിൽ ഇത്തരം അപസ്വരങ്ങൾ ഒഴിവാക്കണം.
സംസ്ഥാന വിലയിരുത്തൽ യോഗത്തിൽ ചാലക്കുടിയിലും ചെങ്ങന്നൂരും പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിശ്ചയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഭക്ഷണവും ഹെലികോപ്റ്ററിനെയും നാവിക, കരസേനാ വിഭാഗങ്ങളെയും ദുരന്തനിവാരണ സേനയെയും പോലീസിനെയും കൂടുതലായി വിന്യസിക്കുന്നതിന് തീരുമാനിച്ചിരുന്നു. അതിനനുസരിച്ച് നല്ല നിലയിലുള്ള പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട കൺട്രോൾ റൂമിലോ അധികൃതരെയോ അറിയിച്ചാൽ ആവശ്യമായ രക്ഷാ പ്രവർത്തനങ്ങൾക്കുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയക്കെടുതിയുടെ ആദ്യ ഘട്ടത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. ഈ ഘട്ടത്തിൽ തന്നെ സർക്കാർ സംവിധാനങ്ങളെയും ദേശീയ ദുരന്തനിവാരണ സേനയെയും ഇന്ത്യൻ നേവി, ഫയർഫോഴ്‌സ് എന്നീ സേനകളെയും ഏകോപിപ്പിച്ച് പ്രവർത്തനം കുറ്റമറ്റതാക്കുന്നതിനുള്ള ഇടപെടലുണ്ടായി. നാടിന്റെ എല്ലാ മേഖലയിലുംപെട്ട ആളുകൾ തുടക്കംതൊട്ട് സഹകരിക്കാൻ തയാറായി.
ദുരന്തങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് മുന്നറിയിപ്പുകളും സംസ്ഥാന സർക്കാർ നൽകി. വയനാട്, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിക്കൊണ്ട് സർക്കാർ ഇടപെട്ടു. ആഗസ്റ്റ് ഒമ്പതിന് തന്നെ സെക്രട്ടറിയേറ്റിൽ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സെൽ ആരംഭിക്കുകയും, ജില്ലകളിലും അതിന് സമാന്തരമായി സെല്ലുകൾ പ്രവർത്തിക്കുകയും ചെയ്തു. പോലീസിനെയും ഫയർഫോഴ്‌സിനെയും വിന്യസിച്ചുകൊണ്ട് ജില്ലാ ഭരണ സംവിധാനത്തെയും ശക്തമാക്കി.
നാശനഷ്ടമുണ്ടാകും എന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനുള്ള ദീർഘകാല പദ്ധതികൾക്കും സർക്കാർ നേതൃത്വം നൽകി. ഓണാഘോഷ പരിപാടികൾക്കായി വിവിധ വകുപ്പുകൾക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസപ്രവർത്തനത്തിനായി നീക്കിവെച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിനായി ലോകത്തെമ്പാടുമുള്ള മനുഷ്യസ്‌നേഹികളെ ഭാഗഭാക്കാക്കാനുള്ള പ്രവർത്തനങ്ങൾക്കും സർക്കാർ നേതൃത്വം നൽകി. നഷ്ടപ്പെട്ടുപോയ രേഖകൾ തിരിച്ചുനൽകുന്നതിനുള്ള സംവിധാനം മാത്രമല്ല, സമയബന്ധിതമായ ദുരിതാശ്വാസത്തിന് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ ഉപസമിതിയെയും നിയോഗിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ഏകോപനം സംസ്ഥാനത്തുണ്ട്. ജില്ലയിൽ കളക്ടർക്കാണ് പൊതുനിയന്ത്രണം. എന്നാൽ രക്ഷാപ്രവർത്തനത്തിന്റെ ഉത്തരവാദിത്തം പോലീസ് സംവിധാനത്തിനാണ്. മറ്റു ദുരിതാശ്വാസപ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുമാണ് നടക്കുന്നത്. ഐ.എ.എസ്, ഐപിഎസ് ഉദ്യോഗസ്ഥർ ജില്ലകളിൽ സ്‌പെഷ്യൽ ഓഫീസർമാരായി പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് നടക്കുന്ന രക്ഷാ പ്രവർത്തനങ്ങളെയെല്ലാം നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് പ്രവർത്തനങ്ങൾ പരിശോധിക്കുന്നുമുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈ-മെയ് മറന്ന് പങ്കെടുക്കുന്ന സന്നദ്ധ പ്രവർത്തകരും സേനാംഗങ്ങളും നൽകുന്ന നിർദ്ദേശങ്ങൾ അതേ പടി അനുസരിക്കുന്നതിൽ ചിലയിടത്തെങ്കിലും കാണിക്കുന്ന വൈമുഖ്യം അവർക്ക് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിച്ച് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.