കോട്ടയം: കാഴ്ചയുടെ വസന്തം തീർത്ത് ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങി വൈക്കത്തെ പൂപ്പാടങ്ങൾ. ഓണവിപണി ലക്ഷ്യമാക്കി ‘നിറവ്’ പദ്ധതിയുടെ രണ്ടാം ഘട്ടമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച ‘ഓണത്തിന് ഒരു കുട്ട പൂവ്്’ പദ്ധതിയ്ക്ക് നൂറുമേനി വിളവ്.
മറവൻതുരുത്ത്, ചെമ്പ്, ടി.വി പുരം, ഉദയനാപുരം, വെച്ചൂർ, തലയാഴം എന്നീ പഞ്ചായത്തുകളിലായി 15 ഏക്കറോളം ഭൂമിയിലാണു പുഷ്പകൃഷി. ബ്ലോക്ക് പഞ്ചായത്ത്, കൃഷി വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ഗ്രാമപഞ്ചായത്തുകളിലും കുടുംബശ്രീ, പുരുഷസ്വയംസഹായ സംഘങ്ങൾ തുടങ്ങി അൻപതോളം വർക്കിങ് ഗ്രൂപ്പുകളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.
എട്ടുലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ ബന്ദി, ജമന്തി പൂക്കളാണ് പ്രധാന കൃഷി. പൂർണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. അത്തം മുതൽ പൂക്കൾ വിപണിയിൽ എത്തിക്കാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം. ഓണക്കാലത്ത് ഇതരസംസ്ഥാനങ്ങളിൽനിന്നു പൂക്കൾ ഇറക്കുമതി ചെയ്യാതെ മിതമായ നിരക്കിൽ പൂക്കൾ ലഭ്യമാക്കാനാകുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രഞ്ജിത്ത് പറഞ്ഞു.