പാലക്കാട്: പ്രകൃതിക്ഷോഭത്താല്‍ മണ്ണിടിഞ്ഞും ഉരുള്‍ പൊട്ടിയും പാലങ്ങള്‍ തകര്‍ന്നും തടസ്സപ്പെട്ട  കെ.എസ്.ആര്‍.ടി സി ബസ് സര്‍വീസുകള്‍ പുന:സ്ഥാപിച്ചതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ  നിര്‍ദേശ പ്രകാരം പാലക്കാട് നിന്നും കോയമ്പത്തൂര്‍ വഴി അട്ടപ്പാടി മേഖലയിലെ  ആനക്കട്ടി, അഗളി വഴി മുക്കാലി വരെ  ബസുകള്‍ ആരംഭിച്ചൂ. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലേക്ക് കൃത്യമായി കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തുന്നുണ്ട്.
മണ്ണാര്‍ക്കാട് ചുരം റോഡ് തകര്‍ന്നതോടെ ഒറ്റപ്പെട്ടുപോയ അട്ടപ്പാടി മേഖലയിലേക്ക് കോയമ്പത്തൂര്‍ വഴി പ്രത്യേക ബസ് സര്‍വീസ് നടത്തുന്നുണ്ട്.  ദിവസവും മൂന്ന് ബസുകളാണ് ആനക്കട്ടി ഭാഗത്തേയ്ക്ക് അയക്കുന്നത്. പാലക്കാട് നിന്നും മണ്ണാര്‍ക്കാട് വഴി  ആനമൂളി വരെയും ബസ് സര്‍വീസ് തടസം കൂടാതെ നടത്തുന്നുണ്ട്. മധുര, തിരുനെല്‍വേലി, നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേയ്ക്ക് നാല് ബസുകള്‍ സര്‍വീസ്  ആരംഭിച്ചു. പ്രധാന പാലമായ കുണ്ടറ ചോല ഉരുള്‍പൊട്ടല്‍മൂലം  തകര്‍ന്നതിനാല്‍ നെല്ലിയാമ്പതി മേഖലയിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടില്ല. കോയമ്പത്തൂര്‍ പൊളളാച്ചി ഭാഗത്തേയ്ക്ക് ആവശ്യാര്‍ത്ഥവും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍, കോഴിക്കോട്, പട്ടാമ്പി ഭാഗത്തേയ്ക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്. ബസ് സര്‍വീസുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഫോണ്‍ – 0491 2520098