പ്രളയദുരിതം നേരിടുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം കൈയും മെയ്യും മറന്ന് പൂര്‍ണസമയവും കര്‍മനിരതരായി പ്രവര്‍ത്തിക്കുകയാണ് ഹബ്ബുകളില്‍                പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍., അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്റര്‍, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്ക് ഓഫീസുകള്‍, തിരുവല്ല എജിഎം സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനെത്തുന്ന സാധനസാമഗ്രികള്‍ ഏറ്റുവാങ്ങുന്നത്. ഈ ഹബ്ബുകളില്‍ സാധനങ്ങള്‍ കയറ്റുന്നതിനും ഇറക്കുന്നതിനും സഹായിക്കുന്നത് സന്നദ്ധ പ്രവര്‍ത്തകരാണ്. ഇന്നലെ നൂറിലധികം പ്രവ ര്‍ത്തകരാണ് വിവിധ ഹബ്ബുകളിലായി സന്നദ്ധസേവനത്തിനെത്തിയത്. കളക്ടറേറ്റിലെത്തുന്ന സന്നദ്ധപ്രവര്‍ത്തകരെ വാഹനങ്ങളില്‍ വിവിധ ഹബ്ബുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റവും അടുത്തുള്ള ഹബ്ബുകളില്‍ എത്തുകയാണെങ്കില്‍ അവിടെ സേവനം നല്‍കുകയോ തൊട്ടടുത്ത ക്യാമ്പുകളില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയോ ചെയ്യാം. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കൂടുതലായതിനാല്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭിക്കുന്നത് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഏറെ ആശ്വാസമാകും. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏറ്റെടുത്ത് നടത്തുന്നതിന് മൂന്ന് ഉദ്യോഗസ്ഥരെ വീതം നിയോഗിച്ചിട്ടുണ്ട്. ഇവര്‍ എല്ലാവരും ഇന്ന് (19)ഉച്ചയോടെ അതത് ക്യാമ്പുകളിലെത്തും. ഉദ്യോഗസ്ഥരോടൊപ്പം സന്നദ്ധ പ്രവ ര്‍ത്തകരുടെ സേവനം കൂടിയാകുമ്പോള്‍ ക്യാമ്പുകളിലെ സ്ഥിതി മെച്ചപ്പെടുത്തുവാന്‍ കഴിയും. ഹബ്ബുകളില്‍ എത്താതെ ക്യാമ്പുകളില്‍ നേരിട്ട് സേവനങ്ങള്‍ എത്തിക്കുന്ന അനേകം വ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും പ്രവര്‍ത്തനം ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും നടക്കുന്നുണ്ട്.