പത്തനംതിട്ടയിലേക്കു ജീവനക്കാരുടെ പ്രത്യേക സംഘം
കെ.എസ്.ആർ.ടി.സി. കോട്ടയം വഴി എറണാകുളത്തേക്കുള്ള സർവീസ് പുനരാരംഭിച്ചു. പ്രളയക്കെടുതിയെത്തുടർന്ന് ഈ വഴിയുള്ള സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിൽ സർവീസ് നടത്തുന്നതിനായി 20 സെറ്റ് ഉദ്യോഗസ്ഥ സംഘത്തെ അയച്ചു.
ഇന്നു രാവിലെ മുതലാണു കോട്ടയം വഴിയുള്ള സർവീസുകൾ ആരംഭിച്ചത്. കഴിയുന്നത്രയും സർവീസുകൾ ഈ റൂട്ടിൽ നടത്തുകയാണു ലക്ഷ്യമെന്ന് കെ.എസ്.ആർ.ടി.സി. ഓപ്പറേഷൻസ് മാനേജർ ജി. അനിൽ കുമാർ പറഞ്ഞു.
പത്തനംതിട്ടയിലേക്കുള്ള ദീർഘദൂര ബസുകൾ അടൂരിൽ യാത്ര അവസാനിപ്പിക്കുകയാണ്. പ്രളയത്തിൽ റോഡ് തകർന്നതിനാൽ യാത്ര അസാധ്യമായതിനാലാണിത്. ഗതാഗതം പൂർവ സ്ഥിതിയിലാകുന്നതുവരെ പന്തളത്തുനിന്നുള്ള സർവീസുകൾ അടൂരിൽനിന്നാകും ആരംഭിക്കുക.മല്ലപ്പള്ളിയിൽനിന്നുള്ള സർവീസുകൾ തിരുവല്ലയിൽനിന്നും റാന്നിയിൽനിന്നുള്ളവ പത്തനംതിട്ട ഡിപ്പോയിൽനിന്നും തുടങ്ങും.
പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം ജീവനക്കാരും ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കുന്നതിനായി കൊല്ലത്തുനിന്ന് കണ്ടക്ടർമാരും ഡ്രൈവർമാരും അടങ്ങുന്ന 20 സെറ്റ് ഉദ്യോഗസ്ഥ സംഘത്തെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി കൊല്ലം യൂണിറ്റിൽനിന്ന് നാലു ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ തെന്മലയിലേക്കും പുനലൂർ ഡിപ്പോയിൽനിന്നു നാലു സർവീസുകൾ എം.എസ്.എല്ലിലേക്കും ആര്യങ്കാവ് ഡിപ്പോയിൽനിന്ന് ചെങ്കോട്ടയിലേക്കും അധിക സർവീസുകൾ നടത്തി. കൊല്ലം – കുളത്തൂപ്പുഴ, കൊല്ലം – ചെങ്ങന്നൂർ, കൊല്ലം – പത്തനംതിട്ട ചെയിൻ സർവീസുകൾ 20 മിനിറ്റ് ഇടവേളകളിൽ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.