പ്രളയ ബാധിത മേഖലകളിൽ ആവശ്യത്തിനു കുടിവെള്ളമെത്തിക്കാൻ വാട്ടർ
അതോറിറ്റിയുടെ നേതൃത്വത്തിൽ തീവ്ര ശ്രമം നടക്കുന്നു. ഇന്നലെ ദക്ഷിണ മേഖലാ
സർക്കിളിന്റെ നേതൃത്വത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വാട്ടർ
അതോറിട്ടി എത്തിച്ചത് 1,60,720 ലക്ഷം ലിറ്റർ വെള്ളം.

ടാങ്കർ ലോറികളിലും കുപ്പിവെള്ളമായുമാണു വെള്ളം എത്തിക്കുന്നത്. ശനിയാഴ്ച
വൈകിട്ട് അഞ്ചു മുതൽ ഇന്നലെ വൈകിട്ട് അഞ്ചു വരെയുള്ള 24 മണിക്കൂറിനിടെ
പത്തനംതിട്ട ജില്ലയിൽ മാത്രം 1,27,000 ലിറ്റർ വെള്ളം എത്തിച്ചതായി വാട്ടർ
അതോറിറ്റി കൺട്രോൾ റൂമിൽനിന്ന് അറിയിച്ചു.

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 64000 ലിറ്റർ വെള്ളം വിതരണം ചെയ്തു.
പ്രളയ ബാധിത മേഖലകളിൽ വാട്ടർ അതോറിറ്റിക്കു സാധാരണ നിലയിൽ കുടിവെള്ളം
എത്തിക്കാൻ കഴിയാത്തതിനാലാണു ടാങ്കറിൽ വെള്ളമെത്തിക്കുന്നത്. ഇതിനു പുറമേ
ദുരിതാശ്വാസ ക്യാമ്പുകളിൽ കുപ്പിവെള്ളവും എത്തിക്കുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കുടിവെള്ള ദൗർലഭ്യം അനുഭവപ്പെടുന്ന
സ്ഥലങ്ങളിൽ ടാങ്കറിൽ വെള്ളം എത്തിക്കുന്നുണ്ട്. ദുരിതാശ്വാസ
ക്യാമ്പുകളിലടക്കം തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 17,000 ലിറ്റർ വെള്ളം
ടാങ്കറിൽ വിതരണം ചെയ്തു. കൊല്ലത്ത് 35000 ലിറ്ററും എത്തിച്ചു.
വെള്ളക്കെട്ടിനെത്തുടർന്ന് ജലവിതരണം താറുമാറായ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി
നടത്തി വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതർ
അറിയിച്ചു.