തിരുവനന്തപുരം ചാക്ക ഗവൺമെൻറ് ഐ ടി ഐയിൽ പൂർത്തീകരിച്ച ഒന്നാംഘട്ട ഇൻറർനാഷണൽ ഐ ടി ഐയുടെ ഉദ്ഘാടനം ഓഗസ്റ്റ് 31ന് രാവിലെ 11.30ന്  പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ഐ എസ് ഒ സർട്ടിഫിക്കേഷനുള്ള  ചാക്ക ഗവൺമെൻറ് ഐ ടി ഐ 5.23 കോടി രൂപ ചെലവഴിച്ചാണ് അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഒന്നാം ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. മാസ്റ്റർപ്ലാനിൽ നിഷ്‌കർഷിക്കുന്ന രീതിയിൽ പുതിയ പ്രധാന കവാടവും റോഡും നിർമിച്ചു. ക്ലസ്റ്റർ രീതിയിൽ ക്രമീകരിച്ച വർക്ക് ഷോപ്പുകൾ, എൻ എസ് ക്യു എഫ് സിലബസ് പ്രകാരം അത്യന്താധുനിക സൗകര്യമുള്ള ക്ലാസ് മുറികൾ, ഐ സി ടി ലാബ്, സർവീസ് സ്റ്റേഷൻ കം വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ, വിദേശ കമ്പനികളെ ഉൾപ്പെടുത്തിക്കൊണ്ട് ക്യാമ്പസ് റിക്രൂട്ട്‌മെന്റുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഇവയ്‌ക്കൊപ്പം ബയോഫ്‌ലോക് മത്സ്യ കൃഷി, തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റ് എന്നിവയും സജ്ജീകരിച്ചു.
ചാക്ക ഗവ . ഐ ടി ഐ യിൽ നടക്കുന്ന ചടങ്ങിൽ  പൊതുഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അധ്യക്ഷനാകും. എംപ്ലോയ്‌മെൻറ് ട്രെയിനിങ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ സ്വാഗതം ആശംസിക്കും.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എംപി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി സുരേഷ് കുമാർ, തൊഴിലും നൈപുണ്യ വകുപ്പ് സെക്രട്ടറി മിനി ആൻറണി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് സെപ്റ്റംബർ 1ന് രാവിലെ 9 മണിക്ക് നടക്കുന്ന ജോബ് ഫെയറും സംരംഭകത്വ ബോധവൽക്കരണ സെമിനാറും അഡ്വ വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും സെപ്റ്റംബർ 2 രാവിലെ പത്തിന് ആരംഭിക്കുന്ന സാംസ്‌കാരിക സദസ്സ് അഡ്വക്കേറ്റ് വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്യും
ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ നായർ ,മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി തുടങ്ങിയവർ സാംസ്‌കാരിക സദസ്സിൽ പങ്കെടുക്കും. ചാക്ക ഗവ.ഐ ടി ഐ യിൽ സേവനമനുഷ്ഠിച്ചിരുന്ന വിശിഷ്ട വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും.