കല്‍പ്പറ്റ ബ്ലോക്ക് ആരോഗ്യ മേളയില്‍ പൊതുജനങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. സിദ്ധ വിഭാഗത്തിന്റെ നാഡീ പരിശോധനയും ആയുര്‍വേദ സ്റ്റാളില്‍ നടന്നു.
ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ വിഭാഗവും സിദ്ധ വിഭാഗവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ എത്തിയവര്‍ക്ക് പരിശോധനയോടൊപ്പം സൗജന്യ മരുന്ന് വിതരണവും നടന്നു. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം സ്റ്റാളില്‍ ലഭ്യമായിരുന്നു. വിവിധ രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ മാര്‍ഗ്ഗങ്ങളും ബോധവല്‍ക്കരണവും ആയുര്‍വേദ സ്‌പെഷ്യല്‍ ഒ.പി ഏതൊക്കെ സ്ഥാപനങ്ങളില്‍ ലഭിക്കും എന്ന വിവരണവും സ്റ്റാളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ജീവിത ശൈലി രോഗ ബോധവത്ക്കരണം

ജീവിത ശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ജീവിത ശൈലീ വിഭാഗം ആരോഗ്യ മേളയില്‍ ഒരുക്കിയിരുന്നു. വൈത്തിരി താലൂക്ക് ആശുപത്രി, സുഗന്ധഗിരി പി.എച്ച്.സി എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റാള്‍ തയ്യാറാക്കിയത്. അര്‍ബുദ രോഗ നിര്‍ണ്ണയവും ബോധവല്‍ക്കരണവും നടത്തി. ആരോഗ്യദായകമായ ഭക്ഷണരീതികള്‍, എയ്‌റോബിക് വ്യായമത്തിന്റെ പ്രാധാന്യം എന്നിവ സ്റ്റാളില്‍ പരിചയപ്പെടുത്തി ശരീരഭാരം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ പരിശോധിക്കാനുള്ള സൗകര്യവും സ്റ്റാളില്‍ ഒരുക്കിയിരുന്നു.