കാര്‍ഷിക മേഖലയിലെ അഭിവൃദ്ധി ലക്ഷ്യമിട്ടുകൊണ്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് തല കര്‍ഷക സഭ സംഘടിപ്പിച്ചു. നെടുങ്കണ്ടം ബ്ലോക്കിന് കീഴില്‍ സംഘടിപ്പിച്ച കര്‍ഷക സഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാണി തോമസ് അദ്ധ്യക്ഷത വഹിച്ചു.

കാര്‍ഷിക മേഖലയിലെ പ്രാദേശിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായിട്ടാണ് കര്‍ഷക സഭ സംഘടിപ്പിച്ചത്. കൃഷി വകുപ്പിന്റെയും കൃഷി ഭവനുകളുടെയും സേവനം എല്ലാവരിലും എത്തിക്കുക, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കൃഷിയ്ക്ക് അനുയോജ്യമായ സമയത്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കൃഷി വകുപ്പിന്റെ കീഴിലുള്ള ആനുകൂല്യങ്ങള്‍ പരമാവധി കര്‍ഷകരില്‍ എത്തിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും യോഗത്തില്‍ ഉന്നയിച്ചത്. പ്രതികൂലമായ കാലാവസ്ഥ മൂലം രാജകുമാരി, ഉടുമ്പഞ്ചോല, സേനാപതി, ശാന്തന്‍പാറ മേഖലകളില്‍ നെല്‍കൃഷി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കൃഷി ഓഫീസര്‍മാര്‍ തയ്യാറാക്കിയ പ്രൊജക്ടും സഭയില്‍ അവതരിപ്പിച്ചു. പഞ്ചായത്ത് തലത്തില്‍ ക്രോഡീകരിച്ച കര്‍ഷക സഭ റിപ്പോര്‍ട്ടുകള്‍ അതാതു പഞ്ചായത്തിലെ കൃഷി ഓഫീസര്‍മാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളും കര്‍ഷകരുടെ ആവശ്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. യോഗ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ആയി ജില്ലാ തല ക്രോഡീകരണത്തിനായി സമര്‍പ്പിക്കും.

ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി, സജ്‌ന, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മായ ഗോപാലകൃഷ്ണന്‍, ബ്ലോക്ക് കൃഷി ഉദ്യോഗസ്ഥന്‍ നിധിന്‍ കുമാര്‍, കൃഷി ഓഫീസര്‍മാരായ ആശാ ശശി, ബോണ്‍സി ജോസഫ്, കൃഷി അസിസ്റ്റന്റുമാരായ പ്രിനീഷ് പി.പി, തോമസ് പോള്‍, ഷിബു എ.എം, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.