കണ്ണൂർ: ജില്ലയിലെ മഴക്കെടുതിയും പ്രകൃതിക്ഷോഭവും മൂലം തുറന്ന ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിൽ 504 കുടുംബങ്ങളിലായി 1398 പേരാണ് അഭയം തേടിയിരിക്കുന്നത്. ശനിയാഴ്ച വരെ 12 ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നു. അഞ്ചിടത്ത് സ്ഥിതി സാധാരണ നിലയിലായതിനാൽ അവ നിർത്തി.
ഉരുൾപൊട്ടൽ നാശം വിതച്ച ഇരിട്ടി താലൂക്കിലാണ് അഞ്ച് ക്യാമ്പുകളും. പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിൽ ഓരോ ക്യാമ്പുകളാണുള്ളത്. ഇരിട്ടി താലൂക്കിലെ ക്യാമ്പുകൾ ഇവയാണ്. കേളകം പഞ്ചായത്തിലെ കോളിത്തട്ട് ജി.യു.പി സ്‌കൂൾ, ശാന്തിഗിരി-20 കുടുംബങ്ങൾ, 65 അംഗങ്ങൾ. കൊട്ടിയൂർ പഞ്ചായത്തിലാണ് നാല് ക്യാമ്പുകൾ. മന്ദംചേരി എസ്.എൻ എൽ.പി സ്‌കൂൾ 102 കുടുംബങ്ങൾ, 224 പേർ, നെല്ലിയോടി സെൻറ് ജോർജ് സൺഡേ സ്‌കൂൾ 56 കുടുംബങ്ങൾ, 238 പേർ, കണ്ടപ്പുറം സെൻറ് മൈക്കിൾസ് ചർച്ച് ഹാൾ 28 കുടുംബങ്ങൾ, 112 പേർ, നീണ്ടുനോക്കി ഐ.ജെ.എം.എച്ച്.എസ്.എസ് 176 കുടുംബങ്ങൾ, 492 പേർ. തളിപ്പറമ്പ് താലൂക്കിൽ വെള്ളാട് കാപ്പിമല വിജയഗിരി ജി.യു.പി സ്‌കൂളിൽ 64 കുടുംബങ്ങളിലായി 171 പേരും പയ്യന്നൂർ താലൂക്കിലെ പുളിങ്ങോം രാജഗിരി കത്തോലിക്ക പള്ളിയിൽ 58 കുടുംബങ്ങളിലായി 96 പേരും ഉണ്ട്.
ഇവർക്ക് റവന്യു വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ എല്ലാവിധ സഹായങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.