കൈയിലെ കുഞ്ഞുസഞ്ചികളിലും പെട്ടികളിലും മുതൽ വലിയ വണ്ടികളിൽ വരെ അവശ്യസാധനങ്ങളുമായി മനുഷ്യസ്‌നേഹികൾ ഇടതടവില്ലാതെ എത്തുകയാണ് കണ്ണൂർ കലക്ടറേറ്റിൽ. കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാകട്ടെ ഞായറിന്റെ ആലസ്യമില്ലാതെ ഉദ്യോഗസ്ഥരും വളണ്ടിയർമാരും വിദ്യാർഥികളുമടക്കം സാധനങ്ങൾ തരംതിരിച്ച് പായ്ക്കറ്റുകളിലാക്കുന്ന തിരക്കിലും. കേരളം നേരിട്ട സമാനതകളില്ലാത്ത ദുരന്തത്തെ നേരിടാൻ സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവർത്തനത്തിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്.
കലക്ടറേറ്റിലേക്ക് ഓരോരുത്തർ കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളും മറ്റും തലയിലേറ്റിയും ചുമന്നും വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഒറ്റ മനസ്സായി ഓഡിറ്റോറിയത്തിലെത്തിക്കുന്നു. ഓഡിറ്റോറിയത്തിന്റെ പല മൂലകളിലായി ഓരോ ഗ്രൂപ്പുകളായി ഇരുന്ന് ഇവ തരംതിരിച്ച് പാക്ക് ചെയ്യുന്നു. പാക്ക് ചെയതവ കയറ്റി അയക്കാനായി താഴേക്ക് വീണ്ടും കൊണ്ടുപോവുന്നു. ഒറ്റക്കെട്ടായി കേരളത്തിന്റെ നോവുന്ന മനസ്സിന്റെ മുറിവുണക്കാനായി പ്രയത്‌നിക്കുകയാണ് ഇവിടെ.
പലവിധ സാധനങ്ങൾ ഓരോ വ്യക്തികളും കൂട്ടായ്മകളും സംഘടനകളും അവരുടെ കഴിവിനനുസരിച്ച് എത്തിക്കുന്നു. ഇത് സ്വീകരിക്കുന്നതിനായി കലക്ടറേറ്റിൽ ഹെൽപ്‌ഡെസ്‌ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് 24 മണിക്കൂറും പ്രവർത്തിക്കുന്നു.
ഞായറാഴ്ച നാല് ട്രക്ക് ഭക്ഷ്യവസ്തുക്കളും മറ്റും എറണാകുളം ജില്ലയിലേക്ക് കയറ്റിയയച്ചു. ഇതിൽ ഒരു ലോഡ് കുപ്പിവെള്ളവും ബിസ്‌ക്കറ്റുമാണ്. 20,000 പാക്കറ്റ് ചപ്പാത്തിയും ഞായറാഴ്ച അയച്ചതിലുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് കയറ്റിയക്കാനായി സാധനങ്ങൾ പാക്ക് ചെയ്യുന്നത് നിരന്തരം നടക്കുന്നു.
ശനിയാഴ്ച തൃശൂരിലേക്ക് അഞ്ച് ട്രക്കും വയനാടിലേക്ക് ഒരു ട്രക്കും സാധനങ്ങൾ കയറ്റി അയച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും വയനാട്ടിലേക്ക് നാല് ട്രക്കിൽ ഭക്ഷ്യവസ്തുക്കളും മറ്റും അയച്ചിരുന്നു. പ്രളയബാധിത പ്രദേശങ്ങൾ കുടുങ്ങിക്കിടക്കുവർക്ക് താൽക്കാലികാശ്വാസം നൽകുന്നതിനായി 2000 കിറ്റുകൾ തയ്യാറാക്കി അയച്ചിട്ടുണ്ട്. വെള്ളം, റൊട്ടി, ബിസ്‌ക്കറ്റ്, ഗ്ലൂക്കോസ് പൊടി എന്നിവയടങ്ങുന്ന കിറ്റുകളാണ് പ്രത്യേകമായി തയ്യാറാക്കി അയച്ചത്. ഡെപ്യൂട്ടി കലക്ടർ സി എം ഗോപിനാഥന്റെ നേതൃത്വത്തിലാണ് സാധന സാമഗ്രികൾ സ്വീകരിക്കുന്നതും കയറ്റിയയക്കുന്നതും.