രൂക്ഷമായ പ്രളയക്കെടുതിയില്‍ നിശ്ചലമായ സംസ്ഥാനത്ത് മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കെഎസ്ആര്‍ടിസി. വ്യാപകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം പലസ്ഥലങ്ങളിലും റോഡ് ഗതാഗതം തടസപ്പെടുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയത്.
രക്ഷാദൗത്യത്തിനെത്തിയ സൈന്യത്തിനും  പോലീസിനും ഗതാഗതസൗകര്യങ്ങള്‍ നഷ്ടമായതിനാല്‍ കുടുങ്ങിപ്പോയ ജനങ്ങള്‍ക്കും വിവിധ കേന്ദ്രങ്ങളിലെത്താനും അവശ്യസാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനും കെഎസ്ആര്‍ടിസിയാണ് സഹായകമായത്.
കൊച്ചി അന്തര്‍ദേശീയ വിമാനത്താവളം വെള്ളപ്പൊക്കം മൂലം അടച്ചതിനാല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തും കോഴിക്കോടുമാണ് ഇറങ്ങുന്നത്. അവിടേക്ക് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള വിമാനയാത്രക്കാരെ എത്തിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യമൊരുക്കി.
 കോര്‍പ്പറേഷന്റെ റാന്നി, മല്ലപ്പള്ളി, പന്തളം, എടത്വ, ചാലക്കുടി, ആലുവ, പിറവം എന്നീ ഏഴ് ഡിപ്പോകള്‍ പൂര്‍ണമായും കുളത്തൂപ്പുഴ, ആര്യങ്കാവ്, പത്തനംതിട്ട, കോന്നി, മൂലമറ്റം, തൊടുപുഴ, പാല, കുമളി, മൂവാറ്റുപുഴ, മാള, കട്ടപ്പന, നെടുങ്കണ്ടം, ഈരാറ്റുപേട്ട, മൂന്നാര്‍, ഇരിങ്ങാലക്കുട, കൂത്താട്ടുകുളം എന്നീഡിപ്പോകള്‍ ഭാഗികമായും വെള്ളത്തിലാണ്. സര്‍വീസ് നടത്താവുന്ന സ്ഥലങ്ങളിലെല്ലാം കോര്‍പ്പറേഷന്‍സര്‍വീസുകള്‍ നടത്തുന്നുണ്ട. ഇപ്പോള്‍ 2344 ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തുന്നു.
ദേശീയപാത വഴി തിരുവന്തപുരം-എറണാകുളം റൂട്ടില്‍ തടസ്സമില്ലാതെ സര്‍വീസ് നടത്തുന്നുണ്ട്. തൃശൂര്‍ നിന്നും കോഴിക്കോട്, കാസര്‍ഗോഡ് ഭാഗത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ, എം.സി റോഡില്‍ തിരുവനന്തപുരത്ത് നിന്ന് ആയൂരേക്കും കൊട്ടാരക്കര നിന്ന് ആയൂരേക്കും, തിരുവല്ലയില്‍നിന്ന് കോട്ടയത്തേക്കും, ചങ്ങനാശ്ശേരിയില്‍ നിന്ന് എറണാകുളത്തേക്കും, വൈറ്റില ഹബ്ബില്‍നിന്ന് വൈക്കത്തേക്കും, മലപ്പുറം-കോഴിക്കോട്, പാലക്കാട്-കോഴിക്കോട് എന്നിവിടങ്ങളിലേക്കും, കോഴിക്കോട് നിന്ന് വാടാനപ്പള്ളി വഴി തൃശൂരേക്കും സര്‍വീസ് നടത്തും.
കെ.എസ്.ആര്‍.ടി.സിയുടെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 0471 2463799, 9447071021.