പത്തനംതിട്ട: ജില്ലയിലെ നദികളിലെ ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ജലം ഇറങ്ങിത്തുടങ്ങി. തിരുവല്ല അപ്പര്‍കുട്ടനാട്ടിലും ആറന്മുളയിലും രക്ഷാപ്രവ ര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടന്നുവരികയാണ്. തിരുവല്ലയില്‍ മാത്രം 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. പത്തനംതിട്ടയിലും റാന്നിയിലും പ്രവര്‍ത്തനം കഴിഞ്ഞ ഏഴ് ബോട്ടുകള്‍ കൂടി തിരുവല്ലയിലേക്ക് അയച്ചിട്ടുണ്ട്. 516 ദുരിതാശ്വാസ ക്യാമ്പുകളിലായി 75536 ആളുകളാണ് ഇപ്പോള്‍ കഴിയുന്നത്. തിരുവല്ലയില്‍ 275 ക്യാമ്പുകളിലായി 44370 പേരും കോഴഞ്ചേരിയില്‍ 103 ക്യാമ്പുകളിലായി 15049 പേരും റാന്നിയില്‍ 45 ക്യാമ്പുകളിലായി 5856 ആളുകളും കോന്നിയില്‍ 39 ക്യാമ്പുകളിലായി 4255 പേരും അടൂരില്‍ 26 ക്യാമ്പുകളിലായി 4305 പേരും മല്ലപ്പള്ളിയില്‍ 28 ക്യാമ്പുകളിലായി 1341 പേരുമാണ് കഴിയുന്നത്. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും മൊബൈല്‍ മെഡിക്കല്‍ ടീമുകള്‍ പ്രവര്‍ത്തനം തുടങ്ങി. വിവിധ ഏജന്‍സികളില്‍ നിന്നും സന്നദ്ധസംഘടനകളില്‍ നിന്നും 39 ട്രക്കുകളില്‍ ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമായി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ലഭ്യമാകുന്ന സാധന സാമഗ്രികള്‍ അടൂര്‍ മര്‍ത്തോമ യൂത്ത് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഹബ്ബിലാണ് ശേഖരിച്ച് വിതരണം നടത്തുന്നത്.
ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ആളുകളെ രക്ഷപ്പെടുത്തി ക്യാമ്പുകളില്‍ എത്തിച്ചിട്ടുള്ള സാഹചര്യത്തില്‍ ക്യാമ്പുകളിലാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. എല്ലാ ക്യാമ്പുകളിലേക്കും മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. റവന്യു വകുപ്പിലെയും പഞ്ചായത്ത് വകുപ്പിലെയും ജീവനക്കാര്‍ക്ക് മാത്രമായി ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കഴിയില്ല. ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പുകളില്‍ നിന്നുള്ള 1500 ഉദ്യോഗസ്ഥരെ ക്യാമ്പുകളുടെ പ്രവ ര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ക്യാമ്പുകളിലേക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ഇന്ന് വൈകുന്നേരത്തോടെ ക്യാമ്പുകളിലെത്തി പ്രവര്‍ത്തനം ആരംഭിക്കും. 400 ആളുകളില്‍ കൂടുതല്‍ കഴിയുന്ന ക്യാമ്പുകളെ വിഭജിച്ച് പുതിയ ക്യാമ്പുകള്‍ ആരംഭിക്കും.
ഇപ്പോഴും ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവര്‍ക്ക് വ്യോമമാര്‍ഗം ഭക്ഷണം നല്‍കുകയും ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. വായുസേനയുടെ ഒരു ഹെലികോപ്റ്റര്‍ അപ്പര്‍കുട്ടനാട്ടില്‍ ഭക്ഷണവിതരണം നടത്തുന്നുണ്ട്.