വയനാട് ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയപ്പ് നിലനില്‍ക്കുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദ്ദേശം നല്‍കി. ചുരുങ്ങിയ സമയത്തില്‍ പെയ്യുന്ന അതിശക്തമായ മഴ മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചലിനും സാധ്യത ഉളവാക്കുന്നുണ്ട്. ദുരന്തസാധ്യത പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കാനും ആവശ്യഘട്ടത്തില്‍ ഇവിടങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ സജ്ജമാണെന്ന് ഉറപ്പുവരുത്താനം നിര്‍ദ്ദേശം നല്‍കി. മിന്നല്‍ പ്രളയത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള കുടുംബങ്ങളെയും ആവശ്യഘട്ടങ്ങളില്‍ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഫോണ്‍ കണക്ടിവിറ്റിയും ഉറപ്പുവരുത്തണം. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ മുഴുവന്‍ സമയം പ്രവര്‍ത്തനസജ്ജമായിരിക്കാനും, ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യാന്‍ തയ്യാറായിരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.