ഓണക്കാലത്ത് വ്യാജമദ്യം, മയക്കുമരുന്ന് ഉത്പ്പാദനം, വിതരണം എന്നിവ തടയുന്നതിനായി വിപുലമായ എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ് പറഞ്ഞു. റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി. ജോണിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓണക്കാലത്ത് ലഹരി വില്‍പ്പന തടയുന്നതിന് എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു.വ്യാജമദ്യ ഉത്പാദന, വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളടെ സംയുക്ത റെയ്ഡുകളും, പരിശോധനകളും ഓണക്കാലത്ത് നടത്തി വരുകയാണ്. രാത്രികാലങ്ങളില്‍ വാഹനപരിശോധനയും ജില്ലയിലെ പ്രധാന പാതകളിലെല്ലാം എക്സൈസ് ഫോഴ്സിന്റെ നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്. എക്സൈസ് ക്രൈം റിക്കോര്‍ഡ് ബ്യൂറോയുമായി ചേര്‍ന്ന് മുന്‍കാല അബ്കാരി, എന്‍പിഎസ് കേസുകളിലെ പ്രതികളായിട്ടുള്ളവരെയും നിരീക്ഷിക്കുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങളുടെ ഭാഗമായി ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് എക്സൈസ് കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പരാതികളിലും രഹസ്യവിവരങ്ങളിലും അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലയെ രണ്ട് ഭാഗങ്ങളായി തിരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനേയും നിയോഗിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തിരമായി ഇടപെടുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, കടത്ത്, വിപണനം, ഉപഭോഗം എന്നിവ സംബന്ധിച്ച് രഹസ്യ നിരീക്ഷണം നടത്തുന്നതിന് ഷാഡോ എക്സൈസ് ടീമിനേയും നിയോഗിച്ചിട്ടുണ്ട്.


സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനങ്ങള്‍, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായി പരിശോധനകള്‍ നടത്തുന്നുണ്ട്. കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിരീക്ഷണവും സാമ്പിളുകളും ശേഖരിച്ചു വരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പാന്‍ മസാല, മറ്റ് ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ വില്‍പ്പന തടയുന്നതിന് കര്‍ശനമായ പരിശോധനകള്‍ നടത്തുന്നുണ്ട്.

ലഹരി വില്‍പ്പന തടയുന്നതിന് സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ നിരീക്ഷണം ശക്തമാക്കും.പൊതുജനങ്ങള്‍ക്ക് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ എക്സൈസ് വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ (1055), എക്സൈസ് കണ്‍ട്രോള്‍ റൂം, എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളുടെയും ഫോണ്‍ നമ്പരുകളിലും വിളിച്ചറിയിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂം – 0468 2 222 873, അസിസ്റ്റന്റ് എക്സെസ് കമ്മീഷണര്‍ 9496 002 863, എക്സൈസ് സര്‍ക്കിള്‍ അടൂര്‍: 0473 4 217 395, 9400 069 464, തിരുവല്ല: 0469 2 605 684, 9400 069 472, റാന്നി: 04735 229 232, 9400 069 478, പത്തനംതിട്ട: 0468 2 222 502, 9400 069 466, മല്ലപ്പള്ളി: 0469 2 682 540, 9400 069 470, റേഞ്ച് ഓഫീസുകളുടെ നമ്പര്‍- അടൂര്‍: 9400 069 475, 0473 4 216050, പത്തനംതിട്ട: 0468 2 322 235, 9400 069 476, കോന്നി: 0468 2 244 546, 9400 069 477, റാന്നി: 0473 5 229 232, 9400 069 478, ചിറ്റാര്‍: 0473 5 251 922, 9400 069 479 മല്ലപ്പള്ളി: 0469 2 683 222, 9400 069 480, തിരുവല്ല: 0469 2 747 632, 9400 069 481. യോഗത്തില്‍ എക്സൈസ് റെയ്ഞ്ച് ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.