ഖര-ദ്രവ്യ മാലിന്യ സംസ്‌ക്കരണം ഓരോ പ്രദേശത്തിന്റെയും സുസ്ഥിര വികസനത്തിന് അനിവാര്യ ഘടകമാണെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പിന്റെ നഗരസഭാതല ഉദ്ഘാടനം ഫറോക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെല്‍ട്രോണ്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തോടെയാണ് ആപ്പ് തയ്യാറാക്കിയത്. ഡിവിഷന്‍ 6 ചന്തക്കടവിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഉറവിടം മുതലുള്ള ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തല്‍ക്ഷണം നിരീക്ഷിക്കാനും കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌പോര്‍ട്ടലും ഉപയോഗിച്ചാണ് ഹരിത മിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. നഗരസഭാ ചെയര്‍മാന്‍ എന്‍.സി അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം സിദ്ധീഖ്, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ.പി നിഷാദ്, കുമാരന്‍, താഹിറ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.കെ വത്സന്‍, സി ഡി എസ്സ് ചെയര്‍പേഴ്‌സണ്‍ ഷിനി, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഹരിത കേരളം മിഷന്‍,ശുചിത്വ മിഷന്‍ പ്രതിനിധികള്‍, കെല്‍ട്രോണ്‍ ഉദ്യോഗസ്ഥര്‍, ജെ.എച്ച്.ഐമാര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, സാനിട്ടേഷന്‍ തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ. റീജ സ്വാഗതവും, സെക്രട്ടറി പി.ടി സാജന്‍ നന്ദിയും പറഞ്ഞു.