ഓണക്കാലത്ത് പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഹോര്‍ട്ടി കോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോര്‍ ജില്ലയില്‍ പര്യടനം നടത്തുന്നു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച പര്യടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി ഫ്‌ളാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ഹോര്‍ട്ടി സ്റ്റോറിലെ ആദ്യ വില്‍പന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂനൈദ് കൈപ്പാണി സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ് ഡയറക്ടര്‍ ബോര്‍ഡ് അംഗം വിജയന്‍ ചെറുകരയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.

സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്‌റ്റോര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലൂടെ സെപ്തംബര്‍ 7 വരെ പര്യടനം നടത്തും. പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിലൂടെ ലഭ്യമാക്കും. വൈകീട്ട് 6 വരെ സഞ്ചരിക്കുന്ന ഹോര്‍ട്ടിസ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. പച്ചക്കറികള്‍ക്കൊപ്പം മൂന്ന് തരം തേന്‍, വെള്ളിച്ചെണ്ണ, അരി എന്നിവയും ഹോര്‍ട്ടി സ്റ്റോറില്‍ വില്‍പ്പനയ്ക്കുണ്ട്. സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോറിന് പുറമെ കൃഷി വകുപ്പ്, ഹോര്‍ട്ടി കോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 4 മുതല്‍ 7 വരെ ജില്ലയില്‍ 47 ഓണച്ചന്തകളും ഒരുക്കുന്നുണ്ട്.
ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ സി.എം. ഈശ്വരപ്രസാദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടമാരായ ജ്യോതി പി ബിന്ദു, കെ. മമ്മൂട്ടി, രാജി വര്‍ഗീസ്, ഹോര്‍ട്ടികോര്‍പ്പ് അസിസ്റ്റന്റ് മാനേജര്‍ സിബി ചാക്കോ, വാര്‍ഡ് കൗണ്‍സിലര്‍ ടി. മണി എന്നിവര്‍ സന്നിഹിതരായിരുന്നു.