ജില്ലയിലെ ഓണാഘോഷത്തോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ദീപാലംകൃതമായി. മാനാഞ്ചിറ, ബീച്ച്, മിഠായി തെരുവ്, എൽ ഐ സി കോമ്പൗണ്ട്, വലിയങ്ങാടി പരിസരം, ജി സ് ടി ഓഫീസ്,കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥാപനങ്ങളും സര്‍ക്കാര്‍-പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ് അസോസിയേഷനുകളും വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം പ്രകാശപൂരിതമായി.
ദീപാലങ്കാരങ്ങളുടെ ഔപചാരിക സ്വിച്ച് ഓൺ കർമ്മം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് വൈകിട്ട് (സെപ്റ്റംബർ 3) ഓൺലൈനായി നിർവഹിക്കും. ഇതോടെ വഴിയോരങ്ങളും കടകളും സ്ഥാപനങ്ങളുമുൾപ്പെടെ നഗരം പൂർണ്ണമായും ദീപാലംകൃതമാകും.ചടങ്ങിനോടനുബന്ധിച്ച് മജീഷ്യൻ സനീഷ് വടകര അവതരിപ്പിക്കുന്ന മാജിക് ഷോ, കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് ഗിരീഷ് ആമ്പ്ര നയിക്കുന്ന പാട്ടുകൂട്ടം കോഴിക്കോടിന്റെ ദൃശ്യ ശ്രവ്യ പരിപാടി ‘വാമൊഴിത്താളം’ തുടങ്ങിയവ മാനാഞ്ചിറ മൈതാനിയിൽ അരങ്ങേറും.
മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പത്രസമ്മേളനത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട ഇല്ലൂമിനേഷൻ കമ്മിറ്റി ചെയർമാൻ എം മെഹബൂബ്, കമ്മിറ്റി കൺവീനർ നഗരവികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, കമ്മിറ്റി വൈസ് ചെയർമാൻമാരായ വരുൺ ഭാസ്കർ, ക്യാപ്റ്റൻ ഹരിദാസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. ആർ പ്രമോദ്, ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ്, ഡിടിപിസി അംഗം കെ.കെ മുഹമ്മദ്, പിഡബ്ല്യുഡി എ ഇ ഇ ഇലക്ട്രിക്കൽ പി. വി ലേഖ പത്മൻ, വിവിധ സംഘടന,സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 11 വരെ നീണ്ടുനിൽക്കും.