ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

ജില്ലാതല ഓണാഘോഷം 2022 സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്തനംതിട്ട ശ്രീചിത്തിര തിരുനാള്‍ ടൗണ്‍ഹാളില്‍ ഈ മാസം ആറിന് വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  ആന്റോ ആന്റണി എംപിയും, ജില്ലയിലെ ജനപ്രതിനിധികളായ എംഎല്‍എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുഖ്യാതിഥികളാവും. ചലചിത്ര പിന്നണിഗായിക മഞ്ചരി വിശിഷ്ടാതിഥിയാവും.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് വൈകുന്നേരം നാലിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍നിന്ന്  ആരംഭിക്കുന്ന ഓണാഘോഷ വിളംബര ജാഥയില്‍ ശിങ്കാരിമേളം, നാടന്‍ കലകള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവ അവതരിപ്പിക്കും. ശ്രീചിത്തിര തിരുനാള്‍ ടൗണ്‍ ഹാളില്‍ വിളംബര ജാഥ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനത്തിനു ശേഷം വൈകുന്നേരം 6.30ന് സെബീനാ റാഫി ഫോക് ലോര്‍ സെന്റര്‍ ഗോതുരുത്ത് അവതരിപ്പിക്കുന്ന ചവിട്ടുനാടകം കാറല്‍സമാന്‍ അരങ്ങേറും. ആറന്മുള ഉത്തൃട്ടാതി ജലോത്സവം, അയിരൂര്‍ ചതയം ജലോത്സവം, റാന്നി അവിട്ടം ജലോത്സവം, നീരേറ്റുപുറം പമ്പാ ജലോത്സവം എന്നിവ ജില്ലയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

അന്യം നിന്നു പോകുന്ന കലകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഡിറ്റിപിസിയുടെയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന  ഓണാഘോഷ പരിപാടിയെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.  ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും. സമാപന സമ്മേളനം സെപ്റ്റംബര്‍ 12ന് അടൂരില്‍ നടക്കും.
ഓണാഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ച സംഘാടകസമിതിയുടെ ഭാരവാഹികള്‍ :  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു ജനീഷ് കുമാര്‍ , അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ രക്ഷാധികാരികളായി പ്രവര്‍ത്തിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ (ചെയര്‍മാന്‍), പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ( ജനറല്‍ കണ്‍വീനര്‍), ഇലന്തൂര്‍, കണ്‍വീനര്‍മാരായി എഡിഎം ബി.രാധാകൃഷ്ണന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, ഡിറ്റിപിസി സെക്രട്ടറി സതീഷ് മിരാന്‍ഡ എന്നിവര്‍ പ്രവര്‍ത്തിക്കും. വിളംബര ഘോഷയാത്രയുടെ സബ് കമ്മറ്റി ചെയര്‍മാനായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാറിനെയും തെരഞ്ഞെടുത്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, ഡിറ്റിപിസി സെക്രട്ടറി സതീഷ് മിരാന്‍ഡ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.