വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷ ആരവങ്ങളുമായി ചാത്തമംഗലം പഞ്ചായത്തില്‍ ‘ഗ്രാമവണ്ടി’ പദ്ധതിക്ക് തുടക്കമായി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചതോടെ വാഹനം നിരത്തിലിറങ്ങി. ആദ്യദിന യാത്ര സൗജന്യമാണെന്ന് മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളില്‍ ആവേശം ഇരട്ടിയായി. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സന്തോഷത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു ചടങ്ങ്.

ഗ്രാമീണ പാതകളിലെ ഗതാഗത ക്ലേശം പരിഹരിക്കാനുള്ള ‘ഗ്രാമവണ്ടി’ പദ്ധതി ഗ്രാമ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ്. ജില്ലയില്‍ ആദ്യവും സംസ്ഥാനത്ത് മൂന്നാമതുമാണ് ഈ ഗ്രാമവണ്ടി.

 

കോഴിക്കോട് ഡിപ്പോയില്‍ നിന്ന് രാവിലെ 7.10 ന് പുറപ്പെടുന്ന വണ്ടി വൈകിട്ട് 6.35 ന് തിരികെയെത്തും. പഞ്ചായത്തിലെ ആശുപത്രി, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം ഗ്രാമവണ്ടി സര്‍വീസ് നടത്തും. ചാത്തമംഗലം, എന്‍ ഐ ടി, നായര്‍ക്കുഴി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹോമിയോ ആശുപത്രി, കൂളിമാട്, എം.വി.ആര്‍ ആശുപത്രി, ചൂലൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, വെള്ളന്നൂര്‍ ആയുര്‍വേദ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതി ഗ്രാമത്തിന്റെ ഉള്‍പ്രദേശത്തും പൊതുഗതാഗതം ലഭ്യമാകാത്തതുമായ സ്ഥലങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും.

 

ഇന്ധനചിലവ് തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കും. ജീവനക്കാരുടെ ശമ്പളം, വാഹനം, സുരക്ഷ, വാഹനത്തിന്റെ മെയിന്റനന്‍സ്, സ്‌പെയര്‍പാര്‍ട്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകള്‍ കെഎസ്ആര്‍ടിസി വഹിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍, ഭിന്നശേഷി പാസുകള്‍ തുടങ്ങി കെ.എസ്.ആര്‍.ടി സിയില്‍ നിലവിലുള്ള ആനുകൂല്യങ്ങളും ലഗേജ് നിരക്കുകളും ഗ്രാമവണ്ടിയിലും ലഭ്യമാക്കും