ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ വർണ്ണക്കുടയിൽ മൂന്നാം നാളിൽ ജനശ്രദ്ധ നേടി സാംസ്കാരിക സമ്മേളനവും ആദരവും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം കൈവരിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകൻ മോഹൻ, കാർട്ടൂണിസ്റ്റ് എം മോഹൻദാസ്, ചിത്രകാരൻ മഹേശ്വർ, വർണ്ണക്കുടയുടെ ലോഗോ ഡിസൈൻ ചെയ്ത വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകൻ, നർത്തകിയും സിനിമതാരവുമായ അനുപമ മോഹൻ, ആർട്ടിസ്റ്റ് രാജു എന്നിവരെ യോഗത്തിൽ ആദരിച്ചു. വർണ്ണക്കുട അനുബന്ധ പരിപാടികളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. വേദിയിൽ കൊച്ചി കലന്ദിക അവതരിപ്പിച്ച നൃത്തസന്ധ്യയും വോയ്സ് ഓഫ് മലബാറിന്റെ സംഗീത നിശയും അരങ്ങേറി.
എംഎൽഎമാരായ വി ആർ സുനിൽ കുമാർ, എൻ കെ അക്ബർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ സി.ഡി.എസ്. ചെയർപേഴ്സൻമാർ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സനും സംഘാടക സമിതി വൈസ് ചെയർമാനുമായ ലത ചന്ദ്രൻ സ്വാഗതവും ജില്ല പഞ്ചായത്തംഗം ഷീല അജയഘോഷ് നന്ദിയും പറഞ്ഞു.
തിങ്കളാഴ്ച്ച വർണ്ണക്കുടയിൽ രാവിലെ 9.30ന് ഓണക്കളി മത്സരവും ഉച്ചത്തിരിഞ്ഞ് 5.30ന് സാംസ്കാരിക സമ്മേളനവും തുടർന്ന് തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക് ബാന്റും അരങ്ങേറും.