പത്തുദിന മേള മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു
സംസ്ഥാനതല ഓണാഘോഷത്തോടനുബന്ധിച്ചുള്ള ട്രേഡ് ഫെയര്‍,എക്‌സിബിഷന്‍ എന്നിവ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്ക് ന്യായമായ വിലയില്‍ വിപണിയൊരുക്കാന്‍ ഓണം ട്രേഡ് ഫെയറിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ. ആന്‍സലന്‍ എം.എല്‍. എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ പാളയം രാജന്‍, ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബിജു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ട്രേഡ് ഫെയറും എക്‌സിബിഷനും രാജ്യത്തെമ്പാടുമുള്ള സംരംഭകര്‍ക്ക് നല്‍കുന്നത് മികച്ച വിപണന സാധ്യതയാണ്. പ്രധാനമായും ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ പങ്കാളിത്തമുള്ള മേള അവര്‍ക്ക് തനത് വിഭവങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള വേദിയാകും. സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും ഒരുക്കുന്ന നൂറോളം സ്റ്റാളുകളാണ് ഇതിന്റെ ഭാഗമായി കനകക്കുന്നില്‍ അണിനിരക്കുന്നത്. കുട്ടികള്‍ക്കായുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക്, പെറ്റ് ഷോ, ഭക്ഷ്യ മേള എന്നിവയാണ് ട്രേഡ് ഫെയറിന്റെ മറ്റു ആകര്‍ഷണങ്ങള്‍. കനകക്കുന്നിലെ സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.