ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ വർണ്ണക്കുടയിൽ രണ്ടാം നാൾ ശ്രദ്ധേയമായി സമാദരണ സമ്മേളനവും നൃത്തസംഗീത വിരുന്നും. മുൻസിപ്പൽ മൈതാനത്തിൽ നടന്ന സമാദരണ സമ്മേളനം മുതിർന്ന ക്ലാസിക്കൽ കലാകാരൻമാർ ചേർന്ന്  ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അധ്യക്ഷത വഹിച്ചു.

ഒരുപാട് ഹൃദയങ്ങളെ കൂട്ടി യോജിപ്പിക്കാൻ കലയെ ഉപയോഗപ്പെടുത്തിയ കലാകാരൻമാരെ ആദരിക്കുകയാണ് ഈ സ്നേഹ സന്ധ്യയിലൂടെ എന്ന് മന്ത്രി പറഞ്ഞു. ഒരു നാടിന്റെ മുഴുവൻ സ്നേഹാദരമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്ലാസിക്കൽ കലകളിൽ പ്രാഗത്ഭ്യം കൈവരിച്ച മുതിർന്ന കലാകാരൻമാരായ കലാനിലയം രാഘവൻ ആശാൻ, സദനം കഷ്ണൻ കുട്ടി ആശാൻ, കലാനിലയം പരമേശ്വരൻ ആശാൻ, വേണുജി, കലാനിലയം ഉണ്ണികൃഷ്ണൻ, അമ്മന്നൂർ കുട്ടൻ ചാക്യാർ, കലാനിലയം ഗോപി ആശാൻ, കലാമണ്ഡലം നാരായണൻ എമ്പാന്തിരി എന്നിവരെ യോഗത്തിൽ മന്ത്രി ആദരിച്ചു.

വർണ്ണക്കുട അനുബന്ധ പരിപാടികളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. തുടർന്ന് കേരള കലാമണ്ഡലം അവതരിപ്പിച്ച ഫ്യൂഷൻ നൃത്തവും ആൽമരം മ്യൂസിക് ബാൻഡും അരങ്ങേറി.വർണ്ണക്കുടയിൽ ഇന്ന് (സെപ്റ്റംബർ 4) വൈകീട്ട് 5.30ന് കലന്ദിക കൊച്ചി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ തുടർന്ന് വന്ദേ വിനായകം സാംസ്കാരിക സമ്മേളനവും  കലാസംഗീത നിശ വോയ്സ് ഓഫ് മലബാറും അരങ്ങേറും.

ആഗസ്റ്റ് 26നാണ് “ഇടനെഞ്ചിൽ ഇരിങ്ങാലക്കുട” എന്ന വിളംബരത്തോടെ നടക്കുന്ന മഹോത്സവത്തിന് കൊടിയുയർന്നത്. വർണ്ണക്കുടയോടനുബന്ധിച്ച്  ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയ കലാപരിപാടികൾ ഇരിങ്ങാലക്കുടക്കാരെ ആനന്ദ ലഹരിയിലാഴ്ത്തുന്നതാണ്.

പാചക മത്സരം, ഫോക്ക് ഫെസ്റ്റ് , ക്ലാസിക്കൽ ഫെസ്റ്റ്, ട്രാൻസ് ജെൻഡർ ഫെസ്റ്റ്, നീന്തൽ മത്സരം, ഷട്ടിൽ ടൂർണമെന്റ്, വാടംവലി, കാർഷിക പ്രദർശനം , കാർഷികമേള, കുടുംബശ്രീ കലോത്സവം, പൂക്കള മത്സരം, സാഹിത്യ സദസ്, തീം സോങ് പ്രകാശനം തുടങ്ങി വൈവിധ്യമാർന്ന കലാകായിക സാംസ്‌കാരിക വിരുന്നാണ് ഇത്തവണ ഇരിങ്ങാലക്കുടക്കാർക്ക് ഓണസമ്മാനമായി ലഭിച്ചത്. സെപ്റ്റംബർ 6 വരെയാണ് മഹോത്സവം.