കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചേലക്കര നിയോജകമണ്ഡലം ഓണം മാർക്കറ്റ് ഉദ്ഘാടനം പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. മനുഷ്യരെല്ലാം ഒന്നായി ജീവിച്ച നല്ല കാലത്തിന്റെ ഓർമ്മയാണ് ഓണം. ഈ ആഘോഷവേളയിൽ ആരും വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടാൻ പാടില്ലെന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. വിപണിയിൽ ഇടപെട്ടുകൊണ്ട് വിലക്കയറ്റ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ പി എസ് പ്രശാന്തി ആദ്യ വിൽപന നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജിത ബിനീഷ്,
സപ്ലൈകോ അസിസ്റ്റന്റ് റീജിയണൽ മാനേജർ കെ എസ് സതീഷ് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ജോസി ജോസഫ് എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 7 വരെ ഓണം മാർക്കറ്റ് ചേലക്കര സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നടക്കും.