ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ 11 വരെ

11ന് ഉച്ചയ്ക്ക് ശേഷം പുലിക്കളി

കോവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തിന് ശേഷം വന്നെത്തിയ ഓണാഘോഷം വര്‍ണാഭമാക്കാന്‍ ജില്ല ഒരുങ്ങിയതായി റവന്യൂമന്ത്രി കെ രാജന്‍. ജില്ലാതല ഓണാഘോഷവുമായി ബന്ധപ്പെട്ട അവസാന ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഡിടിപിസി, ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, തൃശൂര്‍ കോര്‍പറേഷന്‍ എന്നിവ സംയുക്തമായി സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് രാമനിലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അഞ്ചു നാള്‍ നീണ്ടു നില്‍ക്കുന്ന വിവിധ നൃത്ത, കലാ, സംഗീത, സാംസ്‌ക്കാരിക പരിപാടികളുമായാണ് ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘാടകസമിതിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ ആഘോഷത്തിന് പുറമെ വൈവിധ്യമാര്‍ന്ന പരിപാടികളുമായി പ്രാദേശികമായും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പ്രാദേശിക സംഘാടകസമിതികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനുപുറമേ വിവിധ ഇടങ്ങളില്‍ ജലോത്സവങ്ങളും നടക്കുമെന്ന് മന്ത്രി പറഞ്ഞു.

പരിപാടി വിജയിപ്പിക്കുന്നതിനായി നേരത്തേ വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കിയിരുന്നു. ജില്ലയിലെ മന്ത്രിമാര്‍, മേയര്‍, എംപിമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ മുഖ്യരക്ഷാധികാരികളായും ജില്ലാ കലക്ടര്‍ ജനറല്‍ കണ്‍വീനറായുമാണ് സംഘാടക സമിതി രൂപീകരിച്ചത്. ജില്ലയിലെ എംഎല്‍എമാര്‍ ചെയര്‍മാന്‍മാരായി 10 സബ്കമ്മിറ്റികള്‍ക്കും രൂപം നല്‍കിയിരുന്നു. ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളും തൃശൂരിന്റെ സ്വന്തം പുലിക്കളിയും സംഘടിപ്പിക്കുന്നതിനോടൊപ്പം പ്രധാന വേദിയായ തേക്കിന്‍കാടും പരിസരപ്രദേശങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുകയും ചെയ്യും.

ജില്ലാ കേന്ദ്രത്തിലെ ഓണാഘോഷ പരിപാടികള്‍ക്കു പുറമെ, പീച്ചി, ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, സ്‌നേഹതീരം ബീച്ച് തുടങ്ങിയ ആറ് ടൂറിസം കേന്ദ്രങ്ങളില്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓരോ കേന്ദ്രത്തിലും കലാ – സാംസ്‌ക്കാരിക, വിനോദ, സംഗീത പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ എം കെ വര്‍ഗീസ്, എംഎല്‍എമാരായ പി ബാലചന്ദ്രന്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഡിടിപിസി സെക്രട്ടറി ജോബി ജോര്‍ജ് തുടങ്ങിയവരും ഉണ്ടായിരുന്നു.

ജില്ലാതലത്തിലെ പ്രധാന പരിപാടികള്‍:
തേക്കിന്‍കാട് മൈതാനി (സി എം എസ് സ്‌കൂളിന് എതിര്‍വശം)

സെപ്റ്റംബര്‍ 7ന് വൈകിട്ട് 4.30ന് ഉദ്ഘാടനം
പഞ്ചവാദ്യത്തോടെ തുടക്കമാകും.
5.30 ന് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു, മേയര്‍ എം കെ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് കലാമണ്ഡലം സംഘം അവതരിപ്പിക്കുന്ന നൃത്ത ശില്‍പം,
നന്ദകിഷോര്‍ അവതരിപ്പിക്കുന്ന വണ്‍മാന്‍ കോമഡി ഷോ,
ആല്‍മരം മ്യൂസിക് ബാന്‍ഡിന്റെ സംഗീതവിരുന്ന്

സെപ്റ്റംബര്‍ 8, വൈകിട്ട് 5.30ന്
കലാഭവന്‍ സുധീറും സതീഷും അവതരിപ്പിക്കുന്ന കോമഡി നൈറ്റ്,
7.30 ന് റാസ – ബീഗം അവതരിപ്പിക്കുന്ന ഗസല്‍ രാവ്.

സെപ്റ്റംബര്‍ 9, വൈകിട്ട് 5.30ന്
കൊച്ചിന്‍ ഹീറോസിന്റെ മെഗാഷോ,
ജയരാജ് വാര്യരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്,

സെപ്റ്റംബര്‍ 10, വൈകിട്ട് 5.30ന്
തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്,
ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം

സമാപന ദിവസമായ സെപ്റ്റംബര്‍ 11ന് ഉച്ചയ്ക്ക് ശേഷം
വിവിധ സംഘങ്ങള്‍ അണിനിരക്കുന്ന പുലിക്കളി അരങ്ങേറും.
വൈകീട്ട് 6ന് സമാപനസമ്മേളനം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും
മന്ത്രി കെ രാജന്‍, മേയര്‍ എം കെ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.
7.30 ന് തൃശൂര്‍ കലാസദന്റെ മ്യൂസിക് നൈറ്റ്
തുടര്‍ന്ന് മികച്ച പുലിക്കളി ടീമുകള്‍ക്കുള്ള പുരസ്‌കാരവിതരണം

ഡിഎംസികള്‍ കേന്ദ്രമായി നടക്കുന്ന ഓണാഘോഷ പരിപാടികള്‍

പീച്ചി (സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ)

പീച്ചിയില്‍ ആഘോഷപരിപാടികള്‍ ഇന്ന് തുടങ്ങും
സെപ്റ്റംബര്‍ 4ന് വൈകിട്ട് മൂന്നു മണിക്ക് ഘോഷയാത്ര
അഞ്ചു മണിക്ക് ഉദ്ഘാടന പൊതുസമ്മേളനം
ആറു മണിക്ക് തൈവമക്കള്‍ – നാടന്‍ പാട്ടും നാടന്‍ കലകളും

സെപ്റ്റംബര്‍ 5ന് വൈകിട്ട് അഞ്ചു മണി മുതല്‍ കലാസന്ധ്യ, ഏകാങ്ക നാടകം, നാടന്‍പാട്ട്, ഗാനമേള, മിമിക്സ് പരേഡ്, ക്ലാസിക്കള്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, കവിതാ ആലാപനം, കുടുംബശ്രീ അവതരിപ്പിക്കുന്ന തിരുവാതിര, ഒപ്പന, മാര്‍ഗം കളി.

സെപ്റ്റംബര്‍ 6ന്
രാവിലെ 9.30ന് കാര്‍ഷിക സെമിനാര്‍
വൈകിട്ട് 3 മണി മുതല്‍ കലാപരിപാടികള്‍ (തിരുവാതിര, ഓണക്കളി, ഒപ്പന, ഗ്രൂപ്പ് ഡാന്‍സ്, സമൂഹ ഗാനം, നാടന്‍ പാട്ട്, ഡാന്‍സ് ഷോ)

സെപ്റ്റംബര്‍ 7ന്
രാവിലെ 10 മണി – പൂക്കള മല്‍സരം
വൈകിട്ട് 3 മണി- വടംവലി മല്‍സരം
5 മണി മുതല്‍- മിമിക്രി, കോമഡി ഷോ, കൊച്ചിന്‍ ഹീറോസ് ഗാന മേള.

വാഴാനി (ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 12 വരെ)
ഷോഷയാത്ര, ഉദ്ഘാടന സമ്മേളനം, കലാപരിപാടികള്‍, വനിതകളുടെ വടംവലി, പെനാല്‍റ്റി ഷൂട്ടൗട്ട്, കുട്ടികളുടെ സ്പോര്‍ട്സ്, തിരുവാതിര തുടങ്ങിയ ഇതിനകം നടന്നു)

സെപ്റ്റംബര്‍ 4ന് വൈകിട്ട് 3 മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍
5ന് രാവിലെ 10 മണി- പൂക്കള മല്‍സരം
6ന് സൃഷ്ടി വടക്കാഞ്ചേരിയുടെ സംഗീത നിലാവ്
9ന് വൈകിട്ട് 4.30- മെഗാതിരുവാതിര
5.30ന് ഉദ്ഘാടന സമ്മേളനം
സെപ്റ്റംബര്‍ 10ന് വൈകിട്ട് 3 മണി- പ്രാദേശിക കലാപരിപാടികള്‍
6.30ന് നാടന്‍ പാട്ട്
സെപ്റ്റംബര്‍ 11ന് വൈകിട്ട് 3 മണി- പ്രാദേശിക കലാപരിപാടികള്‍
6.30ന് നൃത്ത നൃത്യങ്ങള്‍
സെപ്റ്റംബര്‍ 12ന് വൈകിട്ട് 5.30 സമാപന സമ്മേളനം

ചാവക്കാട് ബീച്ച് (സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ)
എല്ലാ ദിവസവും ഫുഡ് ഫെസ്റ്റിവല്‍
സെപ്റ്റംബര്‍ 8ന് ബാന്‍ഡ് മ്യൂസിക്
സെപ്റ്റംബര്‍ 9ന് ഗാനമേള
സെപ്റ്റംബര്‍ 10ന് മെഗാഷോ

സ്നേഹതീരം (സെപ്റ്റംബര്‍ 7,11 തീയതികളില്‍)
സെപ്റ്റംബര്‍ 7ന് പൂക്കളമത്സരം
11ന് മൂന്നു മണിക്ക് ഉദ്ഘാടനസമ്മേളനം
തുടര്‍ന്ന് നാടന്‍ കലാപരിപാടികള്‍
വൈകിട്ട് 7 മണിക്ക് കൊച്ചിന്‍ ഹീറോസിന്റെ മെഗാ ഇവന്റ്.

തുമ്പൂര്‍മുഴി (സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ)
സെപ്റ്റംബര്‍ 9ന് നാടന്‍പാട്ട്
10ന് ഗാനമേള/സിനിമാറ്റിക് ഡാന്‍സ്
11ന് കുട്ടികളുടെ പരിപാടികള്‍

കലശമല (സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ)
സെപ്റ്റംബര്‍ 8ന് സംഗീത പരിപാടി (ശ്രേയ ജയദീപ്), കുട്ടികളുടെ പരിപാടികള്‍, പ്രാദേശിക പരിപാടികള്‍
9ന് ലക്ഷ്മി ഗോപാലസ്വാമി മെഗാ ഇവന്റ്, ചാക്യാര്‍കൂത്ത്, മിഴാവില്‍ പഞ്ചാരി മേളം/ കേരള കലാമണ്ഡലം വിദ്യാര്‍ത്ഥികളുടെ എന്റെ കേരളം നൃത്തശില്പം, പ്രാദേശിക പരിപാടികള്‍.
10ന് ശ്രീരുദ്ര ഗ്രൂപ്പിന്റെ നാടന്‍പാട്ട്

*പുലിക്കളിയുടെ സംരക്ഷണത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും*

തൃശൂരിന്റെ തനത് കലാരൂപമായ പുലിക്കളിയുടെ സംരക്ഷണത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ജില്ലയുടെ കലാമുഖം എന്ന നിലയില്‍ പുലിക്കളിയെ അവതരിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളും. ഉത്സവങ്ങളില്‍ മാത്രമായി ഒതുങ്ങാതെ ദേശീയശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ ഈ കലാരൂപത്തെ സംരക്ഷിക്കാന്‍ ഒരു സ്ഥിരം സംവിധാനം സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.
പുലിക്കളിയെന്ന കലാരൂപവും കലാകാരന്‍മാരും നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് ആ മേഖലയിലുള്ളവരുമായി ചര്‍ച്ച ചെയ്ത് മനസ്സിലാക്കുകയും അവ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുലിക്കളി കലാരൂപത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. കലയുടെയും കലാകാരന്റെയും ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡ് മഹാമാരി കലാകാരന്‍മാര്‍ക്കിടയില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ഇടപെടലുകളും നടത്തുമെന്നും മന്ത്രി പറഞ്ഞു.